| Thursday, 2nd June 2022, 8:11 pm

തൂപ്പുജോലി മോശമല്ല, വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള തസ്തികയായിരുന്നു പ്രതീക്ഷിച്ചത്; പെന്‍ഷന്‍ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: 23 വര്‍ഷം ടീച്ചറായിരുന്ന ഉഷാകുമാരി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344 പേരില്‍ ഒരാളാണ് തിരുവനന്തപുരം ജില്ലയിലെ ഉഷാകുമാരി. അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഉഷാകുമാരിക്ക് പേരൂര്‍ക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സ്വീപ്പറായി നിയമനം കിട്ടിയത്. 23 വര്‍ഷമാണ് ഇവരുടെ സര്‍വീസ്.

തൂപ്പുജോലി ചെയ്യുന്നതുകൊണ്ട് ഒരു വിഷമവും ഇല്ലെന്നും വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി പ്രതീക്ഷിച്ചിരുന്നുവെന്നവെന്നും പറയുകയാണ് ഉഷാകുമാരി. നിലവില്‍ തങ്ങളുടെ സര്‍വീസനുസരിച്ച് പെന്‍ഷന്റെ സാഹചര്യമില്ലെന്നും അത് മാത്രാണ് ഇപ്പോള്‍ സര്‍ക്കാനോട് ആവശ്യപ്പെടാനുള്ളതെന്നും അവര്‍ വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം

ഞാന്‍ എന്റെ സ്‌കൂളില്‍ ഇതൊക്കെ ചെയ്തിരുന്നയാളാണ്. എന്നാലും എല്ലാരും ചോദിക്കുമ്പോ ഒരു വിഷമം ഉണ്ട്. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ കുറച്ചുകൂടി ഉയര്‍ന്ന തസ്തിക പ്രതീക്ഷിച്ചിരുന്നു.

ഇതുവരെ ഏകാധ്യപക സ്‌കൂളിലായതുകൊണ്ട് കാര്യമായി ഒന്നും സമ്പാദ്യമില്ല. പലപ്പോഴും സ്വന്തം കയ്യില്‍ നിന്നെടുത്തായിരുന്നു കാര്യങ്ങള്‍ നടത്തിയിരുന്നത്. അതില്‍ ഈ ജോലിയോടെ മാറ്റം ഉണ്ടായാല്‍ നല്ലതാണെന്നും ഉഷകുമാരി പറഞ്ഞു.

‘വിദ്യാഭ്യാസ നിയമം അനുസരിച്ച് കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരളത്തിലെ ഏകാധ്യപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കിയത്. നിലവില്‍ കേരളത്തില്‍ 272 സ്‌കൂളുകള്‍ ഉണ്ടായിരുന്നു. അതില്‍ 342 അധ്യാപകരെ അടുത്ത സ്‌കൂളുകളിലേക്ക് നിയമിക്കുകയായിരുന്നു. ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്നായാരുന്നു ഞങ്ങളുടെ ആവശ്യം.

എന്നാല്‍ അതിനുള്ള സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് അറിയിച്ചിരുന്നു. അത് എങ്ങനെ സ്വീപ്പര്‍ തസ്തകയിലേക്കെത്തിയെന്നത് അറിയില്ല,’ ഉഷാകുമാരി കൂട്ടിച്ചേര്‍ത്തു.

ആറു വര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് സര്‍ക്കാര്‍ ഉഷാകുമാരിയെ പുതിയ ജോലിക്കുനിയോഗിച്ചത്. എന്നാല്‍ മുഴുവന്‍ പെന്‍ഷന് 20 വര്‍ഷത്തെ സര്‍വീസ് വേണം. അതേസമയം അധ്യാപികയില്‍നിന്നു തൂപ്പുകാരിയിലേക്കു മാറിയെങ്കിലും ഉഷാകുമാരിയുടെ ശമ്പളത്തില്‍ നേരിയ വര്‍ധനയുണ്ടാകും.

CONTENT HIGHLIGHTS: Usha Kumari’s Story she has been a teacher for 23 years, now a sweeper 

We use cookies to give you the best possible experience. Learn more