| Friday, 6th September 2013, 11:17 am

ഉപയോഗയോഗ്യമല്ലാത്ത പേ വിഷത്തിനുള്ള മരുന്ന് രോഗികളില്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ഉപയോഗയോഗ്യമല്ലാത്ത പേവിഷമരുന്ന് രോഗികളില്‍ കുത്തിവെച്ചാതായി റിപ്പോര്‍ട്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്തത്. []

അഭയറാബ് എന്ന മരുന്നാണ് രോഗികളില്‍ കുത്തിവെച്ചത് എവൈബി 11 410, എവൈബി 70 12 എന്നീ ബാച്ചുകളിലുള്ള ഒരു ലക്ഷത്തോളം മരുന്നുകളാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കേരളത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എത്തിച്ചത്.

രോഗികളില്‍ മരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന ആശുപത്രി അധികൃതരുടെ പരാതിയെതുടര്‍ന്നാണ് മരുന്ന് വിതരണം നിര്‍ത്തിവെക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കുന്നത്.

എന്നാല്‍ അപ്പോഴേക്കും രണ്ട് ബാച്ചുകളിലധികം മരുന്നും രോഗികളില്‍ കുത്തിവെച്ച് കഴിഞ്ഞിരുന്നു. ഏതാണ്ട് 750000 ത്തിലധികം പേരിലാണ് മരുന്ന് കുത്തിവെച്ചത്.

ഓരോ ബാച്ചുകളിലും 61,237, 40,277 എണ്ണം മരുന്നുകള്‍ ഉണ്ടായിരുന്നു. രോഗികളില്‍ മരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് വിവരാവകാശ രേഖകളും വ്യക്തമാക്കുന്നുണ്ട്.

മരുന്നിന്റെ 70 ശതമാനം രോഗികളില്‍ പരീക്ഷിച്ചതിന് ശേഷമാണ് ഇത് ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയത്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മരുന്നാണ് ഇത്. മരുന്നിന്റെ ഗുണമേന്മ ഉറപ്പുവരുത്താതെയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്ന് ആശുപത്രികളില്‍ എത്തിച്ചത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വെയര്‍ ഹൗസ്  മാനേജരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഇക്കണോമിക്കല്‍ ലിമിറ്റഡാണ് മരുന്നിന്റെ ഉത്പാദകര്‍. മരുന്നിന്റെ ഗുണനിലവാരം സംബന്ധിച്ച് ഇവരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more