ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുട്ടികളെക്കൊണ്ട്,’ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍, കിരണ്‍ ഖേറിന് വോട്ട് ചെയ്യൂ’, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ച് വീഡിയോ ട്വിറ്ററില്‍ പ്രചരപ്പിച്ചതിന് ബി.ജെ.പി നേതാവ് കിരണ്‍ ഖേറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജില്ലാ നോടല്‍ ഓഫീസറാണ് ഖേറിന് നോട്ടീസ് നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കുട്ടികളെ ഒരു രീതിയിലും ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന് ദേശീയ ശിശു സംരക്ഷണ വകുപ്പിന്റെ നിര്‍ദേശവും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ ഖേറിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2014ല്‍ ചണ്ഡീഗഡില്‍ നിന്ന് മത്സരിച്ച് ജയിച്ച ഖേര്‍ ഈ വര്‍ഷം കോണ്‍ഗ്രസിന്റെ പവന്‍ കുമാര്‍ ബന്‍സാലിനെതിരെയാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19നാണ് ചണ്ഡീഗഡില്‍ തെരഞ്ഞെടുപ്പ്.
പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഒരുകൂട്ടം കുട്ടികള്‍ മോദിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നാരോപിച്ച് ബാലാവകാശ കമ്മീഷന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നോട്ടീസയച്ചിരുന്നു. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രിയങ്ക പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം.
കാവല്‍ക്കാരന്‍ കള്ളനാണെന്നര്‍ത്ഥം വരുന്ന ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിനു പിന്നെലെയാണു കുട്ടികള്‍ മോദിക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചപ്പോള്‍ അത്തരം പദപ്രയോഗം പാടില്ലെന്നു പ്രിയങ്ക വിലക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.
‘അങ്ങനെ പറയരുത്. അത് നല്ലതല്ല. നല്ല കുട്ടികളായിരിക്ക്.’ എന്ന് പ്രിയങ്ക പറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. എന്നാല്‍ വീഡിയോയുടെ അവസാന ഭാഗം മാത്രം എഡിറ്റ് ചെയ്ത മാറ്റി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് കുട്ടികളെ പ്രിയങ്കയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് മാതാപിതാക്കളോട് നിര്‍ദേശിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.