| Wednesday, 22nd May 2024, 1:54 pm

ഇപ്പൊ ഇതാ ട്രെന്‍ഡ്, പഴയ പാട്ടുകള്‍ പ്ലേലിസ്റ്റ് ഭരിക്കുന്ന കാലം

അമര്‍നാഥ് എം.

പഴയകാലത്തെ പാട്ടുകള്‍ക്ക് എക്കാലവും ആരാധകരുണ്ട്. ഓട്ടോ ട്യൂണും മറ്റ് സാങ്കേതിക വിദ്യകളൊന്നും ഇല്ലാത്ത കാലത്ത് കമ്പോസ് ചെയ്യപ്പെട്ട ഇത്തരം പാട്ടുകള്‍ ഇന്നും ആളുകള്‍ മൂളിക്കൊണ്ട് നടക്കുന്നതിന്റെ പ്രധാന കാരണം അതിന്റെ ആത്മാവ് നഷ്ടപ്പെടാത്തതുകൊണ്ടുകൂടിയാണ്. ഈയടുത്ത കാലത്ത് ഇറങ്ങിയ പല സിനിമകളിലും ഇത്തരം പഴയ പാട്ടുകള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്.

ലോകേഷ് കനകരാജാണ് ഈ ട്രെന്‍ഡ് സൗത്ത് ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചത്. 2019ല്‍ പുറത്തിറങ്ങിയ കൈതിയിലാണ് ലോകേഷ് ഈ കാര്യം പരീക്ഷിച്ചത്. എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ‘ജുംബലക്ക’ എന്ന പാട്ടും ഇളയരാജയുടെ ‘ആസൈ അധികം വെച്ച്’ എന്ന പാട്ടും സിനിമയുടെ ഏറ്റവും സീരീയസായ സിറ്റുവേഷനില്‍ ഉപയോഗിച്ചത് പുതിയൊരു പരീക്ഷണമായിരുന്നു. തുടര്‍ന്നുള്ള സിനിമകളിലും ലോകേഷ് ഈ ട്രെന്‍ഡ് തുടര്‍ന്നു.

മലയാളത്തില്‍ ഈ വര്‍ഷം മുതലാണ് ഈ ട്രെന്‍ഡ് സ്ഥിരമായത്. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ വന്ന റോം കോം എന്റര്‍ടൈനറായ പ്രേമലുവില്‍ കീരവാണി സംഗീതം നല്‍കിയ ‘യയയാ… യാദവാ’ എന്ന പാട്ട് പ്ലെയ്‌സ് ചെയ്ത രീതി തിയേറ്ററില്‍ പൊട്ടിച്ചിരിയുണര്‍ത്തിയിരുന്നു. ഒരു റൊമാന്റിക് ആയ പാട്ടിനെ കോമഡി സീനില്‍ ഉള്‍പ്പെടുത്തിയതിനെ കീരവാണി വരെ അഭിനന്ദിച്ചിരുന്നു.

മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നിലും ഒരു പഴയ പാട്ടിന്റെ സ്വാധീനമുണ്ട്. ഗുണാ എന്ന സിനിമയിലെ ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനം സിനിമയില്‍ പ്ലെയ്‌സ് ചെയ്ത രീതി ഗംഭീര കൈയടി അര്‍ഹിക്കുന്ന ഒന്നാണ്. കാലങ്ങളായി പ്രണയത്തിന്റെ പ്രതീകമായി മാത്രം കണ്ടുകൊണ്ടിരുന്ന ഒരു പാട്ടിനെ സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച സംവിധായകന്‍ ചിദംബരത്തിന്റെ വിഷന്‍ തന്നെയാണ് സിനിമയുടെ വിജയം.

ചിദംബരത്തിന്റെ ഈയൊരു വിഷനെ അഭിനന്ദിച്ച് സാക്ഷാല്‍ കമല്‍ ഹാസന്‍ സംസാരിച്ചത് തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ കണ്മണീ എന്ന പാട്ട് വരുമ്പോള്‍ പ്രേക്ഷകര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിദംബരത്തിന്റെ ആദ്യ ചിത്രമായ ജാന്‍ ഏ മനിലും ഇതുപോലൊരു പഴയ പാട്ട് ഉപയോഗിച്ചിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ‘മിഴിയോരം’ എന്ന പാട്ട് ടൈറ്റില്‍ സോങ്ങായി അവതരിപ്പിച്ചതും പുതുമയായിരുന്നു.

ഈ വര്‍ഷമിറങ്ങിയ മറ്റൊരു ചിത്രമായ ‘സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലുമുണ്ട് ഒരു പഴയകാല ഗാനം. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ ‘ആയിരം കണ്ണുമായ്’ എന്ന പാട്ട് പ്ലെയ്‌സ് ചെയ്ത രീതി ഗംഭീരമാണ്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ഹിറ്റ് സിനിമയുടെ സ്പിന്‍ ഓഫാണ് ഈ സിനിമ. ‘ന്നാ താന്‍ കേസ് കൊട്’ സിനിമ ഹിറ്റായതിന് പിന്നിലും മറ്റൊരു പഴയകാല പാട്ടുണ്ട്. കാതോട് കാതോരം എന്ന സിനിമയിലെ ‘ദേവദൂതര്‍ പാടി’ എന്ന പാട്ടും അതിന് കുഞ്ചാക്കോ ചെയ്ത ഡാന്‍സും വൈറലായിരുന്നു.

ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ഗുരുവായൂരമ്പല നടയിലിലും ഇതുപോലെ രണ്ട് പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഉള്ളത്തൈ അള്ളിത്താ എന്ന സിനിമയില്‍ സിര്‍പ്പിയുടെ സംഗീതത്തില്‍ പുറത്തുവന്ന ‘അഴകിയ ലൈല’ എന്ന പാട്ടും, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന സിനിമയിലെ ‘കണ്ണാംതുമ്പീ പോരമോ’ എന്ന പാട്ടും സിനിമയില്‍ ഉപയോഗിച്ച രീതി തിയേറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നായ ആര്‍.ഡി.എക്‌സിലും ദേവരാഗം എന്ന സിനിമയിലെ ‘ശശികല ചാര്‍ത്തിയ’ എന്നു തുടങ്ങുന്ന ഗാനം അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷമിറങ്ങിയ ഓസ്‌ലറില്‍ നിറക്കൂട്ട് എന്ന ഹിറ്റ് ചിത്രത്തിലെ ‘പൂമാനമേ’ എന്നു തുടങ്ങുന്ന ഗാനം റീമിക്‌സ് ചെയ്തും അവതരിപ്പിച്ചിരുന്നു.

പഴയ പാട്ടുകളെ റീമിക്‌സ് ചെയ്യാതെ അതിനെ മറ്റൊരു തരത്തില്‍ പ്രസന്റ് ചെയ്യുന്ന രീതി പുതുമയുള്ളതു തന്നെയാണ്. കാലങ്ങള്‍ കഴിഞ്ഞാലും ഇത്തരം പാട്ടുകള്‍ മായാതെ മനസില്‍ നില്‍ക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണിത്.

Content Highlight: Use of Vintage songs  in newly released Malayalam movies now becomes trend

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more