വാഷിങ്ടണ്‍: ലോകമെമ്പാടും പ്ലാസ്റ്റിക് ഉപയോഗം കൊണ്ടുള്ള മലീനീകരണം തടയാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ അമേരിക്കയില്‍ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയം നടപ്പിലാക്കാനൊരുങ്ങി ട്രംപ്.
ഭക്ഷണ വ്യാപാര മേഖലയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്‌ട്രോകള്‍ ഉള്‍പ്പടെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമവധി ഉപേക്ഷിക്കണമെന്ന മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നയം മണ്ടത്തരമാണെന്നാണ് ട്രംപിന്റെ നിലപാട്.
ഇതിന്റെ ഭാഗമായി അമേരിക്കയിലെമ്പാടും പ്ലാസ്റ്റിക് സ്‌ട്രോകള്‍ വ്യാപകമാക്കാനാണ് ട്രംപിന്റെ തീരുമാനം. പേപ്പര്‍ സ്‌ട്രോകള്‍ പ്രോത്സാഹിപ്പിക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് അടുത്ത ആഴ്ച പുതിയ എക്‌സിക്യുട്ടീവ് ഉത്തരവിറക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ട്രംപ് പുതിയ തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നത്.
2020 മുതല്‍ തന്നെയുള്ള ട്രംപിന്റെ പ്രഖ്യാപിത നിലപാടാണ് പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നത്. 2020ല്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ബ്രാന്‍ഡഡ് പ്ലാസ്റ്റിന് സ്‌ട്രോകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. അക്കാലം മുതലുള്ള അദ്ദേഹത്തിന്റെ നിലപാടാണ് രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റായതോടെ ട്രംപ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
രണ്ടാം തവണ അധികാരത്തിലെത്തിയതോടെ ട്രംപ് കൈകൊണ്ട ആദ്യ നിലപാടുകളിലൊന്ന് ആഗോള താപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റമായിരുന്നു. അന്ന് തന്നെ പരിസ്ഥിതി സംബന്ധമായി ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ വ്യാപക വിമര്‍ശനുമയര്‍ന്നിയിരുന്നു. പിന്നാലെയാണിപ്പോള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിലപാടുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
content highlights: Use of plastic will be encouraged; Trump will replace Biden’s paper straws with plastic straws