| Saturday, 9th February 2019, 7:44 am

പശുവിന്റെ പേരില്‍ മധ്യപ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചത് തെറ്റ്; പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ ആളുകളെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത നടപടി തെറ്റെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇതു സംബന്ധിച്ച് ശരിയായ നടപടികളെടുക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായും ചിദംബരം പറഞ്ഞു.

“അത് തെറ്റാണെന്ന് സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.ചെയ്തത് തെറ്റാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ബന്ധപ്പെട്ട ആളുകളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. മധ്യപ്രദേശില്‍ എന്‍.എസ്.എ ഉപയോഗിച്ചത് തെറ്റാണ്”- ചിദംബരം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Also Read കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍  വീണ്ടും ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

ഇതു വരെ പശു സംരക്ഷണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെ എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തപ്പെട്ടിട്ടുണ്ട്. അനധികൃതമായി പശുക്കളെ കടത്തിയ രണ്ടു പേരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മൂന്നു പേര്‍ക്കെതിരെയുമാണ് മധ്യപ്രദേശില്‍ എന്‍.എസ്.എ ചുമത്തിയത്.

വ്യാഴാഴ്ച മധ്യപ്രദേശിലെ അഗര്‍ മാള്‍വയില്‍ വെച്ച് പശുവിനെ കടത്തിയ മെഹ്ബൂബ് ഖാന്‍, റൊഡുമാല്‍ മാല്‍വിയ എന്നിവരെയും, ഖാണ്ഡ്വ ജില്ലയില്‍ പശുവിനെ കൊന്നതിന്റെ പേരില്‍ ശക്കീല്‍, നദീം, അസാം എന്നിവരെയായുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊതു സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

Also Read ബി.ജെ.പി ആണിത് ചെയ്തതെങ്കില്‍ മനസ്സിലാക്കാമായിരുന്നു: പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ എന്‍.എസ്.എ ചുമത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ്

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പശു സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള പ്രചരണമായിരുന്നു കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നടപടിയില്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ മുന്‍ മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നസീം ഖാന്‍ രംഗത്തെത്തിരിയിരുന്നു. ആര്‍.എസ്.എസ്സിന്റെ കീഴിലുള്ള ബി.ജെ.പിയാണ് ഇത് ചെയ്തതെങ്കില്‍ അത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മധ്യപ്രദേശില്‍ ഇത് സംഭവിച്ചത് നിരാശാജനകമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഖാണ്ഡ്വയിലെ സംഭവത്തില്‍ എന്‍.എസ്.എ ചുമത്താന്‍ തീരുമാനിച്ചത് പൊലീസ് ആണെന്നും, പ്രസ്തുത കേസില്‍ എന്‍.എസ്.എ ചുമത്തേണ്ടിയിരുന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more