മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കൗമാരക്കാരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാക്കുമെന്ന് പഠനം. മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന റേഡിയേഷന്‍ അമിതമായി ഏറ്റാലാണ് ഓര്‍മ്മക്കുറവ് ഉണ്ടാകുക. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.
മൊബൈല്‍ ഫോണുകളിലൂടെ വരുന്ന റേഡിയോ തരംഗ ദൈര്‍ഘ്യമുള്ള ഇലക്ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഏറ്റാല്‍ കൗമാരക്കാരില്‍ ഓര്‍മ്മവികാസം ഉണ്ടാവുന്നതിന് തടസ്സം സംഭവിക്കും.
തലച്ചോറിന്റെ വലത് വശത്താണ് ഈ ഓര്‍മ്മയുമായി ബന്ധപ്പെട്ട കോശങ്ങള്‍ ഉള്ളത്. ഫോണ്‍ വലതുഭാഗത്ത് വെച്ച് ഉപയോഗിക്കുന്നവരിലാണ് ഓര്‍മ്മക്കുറവ് ഏറെയും സംഭവിക്കുകയെന്നും സ്വിസ്സ് ട്രോപ്പിക്കല്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മാര്‍ട്ടിന്‍ റൂസ്ലി പറയുന്നു.
ഹെഡ്‌ഫോണുകളോ, ലൗഡ്‌സ്പീക്കറോ ഉപയോഗിക്കുകയാണ് ഈ അപകടം കുറയ്ക്കാനുള്ള മാര്‍ഗമെന്നും സ്വിസ്സ് ഗവേഷകര്‍ പറയുന്നു.
മെസ്സേജുകള്‍ അയക്കുക, ഗെയിമുകള്‍ കളിക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക എന്നിവയ്ക്ക് ഓര്‍മ്മയെ ബാധിക്കുന്നതില്‍ കാര്യമായ പങ്കുകളില്ല.
700 കൗമാരക്കാരെയാണ് പഠനത്തിന് വേണ്ടി സ്വിസ്സ് ഗവേഷകര്‍ സാംപിള്‍ ആയി സ്വീകരിച്ചത്. ഒരു വര്‍ഷം ഇവരുടെമേല്‍ പഠനം നടത്തി.