| Sunday, 17th November 2024, 9:05 am

ഭാംഗി, നീച് എന്നിവയുടെ ഉപയോഗം ജാതിയധിക്ഷേപത്തിന് സമാനമല്ല: രാജസ്ഥാന്‍ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഉദ്യോഗസ്ഥരെ ജാതിയുടെ അടിസ്ഥാനത്തില്‍ അവഹേളിക്കാന്‍ ശ്രമിച്ചെന്ന ഹരജിയില്‍ അടിസ്ഥാനമില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി.

അപമാനിക്കാന്‍ ഉപയോഗിച്ചുവെന്ന് പറയുന്ന വാക്കുക്കള്‍ അധിക്ഷേപകരമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോധ്പൂര്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഹരജിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ബെഞ്ച് പറഞ്ഞു. ഹരജിയില്‍ ചൂണ്ടിക്കാട്ടിയ ‘ഭാംഗി, നീച്ച്, ഭിഖാരി, മാംഗനി’ എന്നീ വാക്കുകള്‍ തള്ളിയാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് ബീരേന്ദ്ര കുമാറാണ് ഹരജി പരിഗണിച്ചത്.

2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയ്സാല്‍മീറില്‍ നടന്ന ഭൂമി പരിശോധനക്കിടെ നാല് വ്യക്തികള്‍ ഉദ്യോഗസ്ഥരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഹരജിയില്‍ പറയുന്ന വാക്കുകള്‍ ജാതി പേരുകള്‍ അല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. എതിര്‍പക്ഷത്തിന് ഉദ്യോഗസ്ഥരുടെ ജാതി നേരത്തെ അറിയാമായിരുന്നുവെന്ന വാദം തെറ്റാണെന്നും കോടതി പറഞ്ഞു.

പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, 1989 (എസ്.സി/എസ്.ടി നിയമം) അനുസരിച്ച് കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.

പ്രതികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ജാതീയപരമെന്നതിന് തെളിവുകളില്ല. വിചാരണയിലെ മുഴുവന്‍ സാക്ഷികളും പ്രോസിക്യൂഷനോ ഉദ്യോഗസ്ഥരോ ഹാജരാക്കിയതാണ്. മൂന്നാമത് ഒരു സാക്ഷി കേസില്‍ ഹാജരായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ വിചാരണ കോടതി ഐ.പി.സി വകുപ്പുകളും എസ്.സി. എസ്.ടി നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിരുന്നു. നിലവില്‍ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ബെഞ്ച് റദ്ദാക്കി.

Content Highlight: Use of Bhangi, Neech terms does not amount to casteist slur: Rajasthan HC

Latest Stories

We use cookies to give you the best possible experience. Learn more