കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ഡാറ്റ ശേഖരിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വൈറസ് വ്യാപനമടക്കമുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം ഈ ഘട്ടത്തില്‍ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ടെങ്കിലും ചില ആശങ്കകളുമുണ്ടെന്ന് ഗുട്ടെറസ് പറഞ്ഞു.
‘അടിയന്തിര നടപടികള്‍ക്ക് വേണ്ടിയോ രോഗം ബാധിച്ച ആളുകളെ കണ്ടെത്തുന്നതിന് വേണ്ടിയോ ആര്‍ട്ടിഫിഷല്‍ ഇന്റെലിജന്‍സും ബിഗ് ഡാറ്റയും ഉപയോഗിക്കുന്നത് ആശങ്കാജനകമാണ്’, ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.
ഇവ ദുരുപയോഗിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അടിയന്തിര ഘട്ടമെന്ന നിലയ്ക്ക് ചെയ്യുന്നത് പ്രതിസന്ധി ഘട്ടം കഴിയുമ്പോള്‍ സ്വാഭാവികമെന്ന രീതിയിലായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.
‘മതിയായ സുരക്ഷാ മാര്‍ഗങ്ങള്‍ ഇല്ലാതെയുള്ള ഇത്തരം ടെക്‌നോളജികളുടെ ഉപയോഗം കൊണ്ടെത്തിക്കുക സാമൂഹിക വിവേചനത്തിലേക്കും പൗരന്മാരുടെ സ്വകാര്യത ഹനിക്കുന്നതിലേക്കും ആയിരിക്കും. അല്ലെങ്കില്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എതിരായി കൊവിഡ് പ്രതിരോധത്തിന് അപ്പുറത്തേക്കും അവ ഉപയോഗിക്കപ്പെടാം’, ഗുട്ടെറസ് വ്യക്തമാക്കി.
കൊവിഡ് മഹാമാരിയെ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നതിനോ വിവരങ്ങളെ ദുരുപയോഗിക്കുന്നതിനോ ഉള്ള ഉപാധിയായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യത്തിലെ അടിയന്തിര ഘട്ടത്തില്‍ ആരംഭിച്ച കാര്യങ്ങള്‍ മനുഷ്യാവകാശ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പ്രതിസന്ധി ഘട്ടത്തോട് ഇന്ത്യ, ചൈന, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ പ്രതികരണത്തില്‍ പൊരുത്തമില്ലായ്മയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്വേഷ പ്രചരണം, ന്യൂനപക്ഷങ്ങളെ ഉന്നംവെക്കല്‍, ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അതീവ സുരക്ഷാ സംവിധാനങ്ങളുടെ ഉപയോഗവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രതികൂലമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസിനെ വിദേശി രോഗമെന്നും മറ്റും വിശേഷിപ്പിക്കുന്നത് വിവേചനവും മറ്റ് രാജ്യങ്ങളോടുള്ള വിദ്വേഷവും വംശീയതയും ആക്രമണങ്ങളുമാണ് സൃഷ്ടിക്കുന്നതെന്നും ഗുട്ടെറസ് വിശദീകരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.