റായ്പൂര്‍: മാവോയിസം ഇല്ലാതാക്കാന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഛത്തീസ്ഗഢ് സാംസ്‌കാരിക മന്ത്രി അജയ് ചന്ദ്രകര്‍. കഴിഞ്ഞയാഴ്ച അദ്ദേഹം പ്രശസ്ത മജീഷ്യനായ ആനന്ദിന്റെ പരിപാടി കണ്ടിരുന്നു. പല കഷണങ്ങളായി മുറിച്ച കുട്ടിയെ മജീഷ്യന്‍ ഒരുമിപ്പിക്കുന്നതും മറ്റും നേരില്‍ക്കണ്ട അദ്ദേഹം മജീഷ്യനോട് ഒരു കാര്യം ആവശ്യപ്പെടുകയായിരുന്നു. മാജിക് ഉപയോഗിച്ച് മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍.
മാവോയിസം എന്നത് ചീത്ത സംസ്‌കാരമാണ്. സംസ്‌കാരത്തിന്റെ പോസിറ്റീവായ മാജിക് പോലുള്ള ഘടകങ്ങള്‍ ഉപയോഗിച്ച് അതിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.
ജബല്‍പൂര്‍ സ്വദേശിയായ ആനന്ദ് ഒരു മാസത്തോളമായി റായ്പൂരില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ മാജിക് ഷോ കാണാന്‍ വന്‍ ജനാവലിയാണു വരാറുള്ളത്. അദ്ദേഹവും അദ്ദേഹത്തിന്റെ മകന്‍ ജൂനിയര്‍ ആനന്ദും ചേര്‍ന്ന് ഫയര്‍ എസ്‌കേപ്പ്, വാട്ടര്‍ എസ്‌കേപ്പ് പോലുള്ള പ്രശസ്തമായ മാജിക് പരിപാടികളും അവതരിപ്പിച്ചിരുന്നു.
എന്നാല്‍ ജനങ്ങളെ മാസ്മരിക വലയത്തിനുള്ളിലാക്കുന്ന വിദ്യാ മാവോയിസ്റ്റുകള്‍ക്ക് മേല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നാണ് ആനന്ദ് പറയുന്നത്. കാരണം മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ഒരു ആശയത്തില്‍ വിശ്വസിച്ചുകൊണ്ടുള്ളതാണ്. ഹിപ്‌നോട്ടിസത്തിനു അതിന്റേതായ പരിധികളുണ്ട്. നമുക്ക് ഒരാളെ ഹിപ്‌നോട്ടൈസ് ചെയ്യാം. എന്നാല്‍ അയാളുടെ വിശ്വാസത്തിനു എതിരായി എന്തെങ്കിലും അവരെക്കൊണ്ടു ചെയ്യിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.