| Tuesday, 19th May 2020, 10:37 am

'ഇന്ത്യന്‍ എംബസ്സി ക്ഷേമനിധി പാവപ്പെട്ട വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി വിനിയോഗിക്കണം'; ഹരജിയില്‍ കേന്ദ്ര നിലപാട് തേടി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലെ എംബസ്സി ക്ഷേമനിധി (ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്)  ഉപയോ​ഗിക്കാൻ കേന്ദ്രസർക്കാരിനും എംബസ്സികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ ഹരജി.

തിങ്കളാഴ്ച്ച കോടതിയുടെ പരിഗണനയിൽ വന്ന ഹരജിയിൽ വെള്ളിയാഴ്ചക്കുമുമ്പ് കേന്ദ്രസർക്കാർ നിലപാടറിയിക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന് ജസ്റ്റിസ്‌ അനു ശിവരാമൻ നിർദ്ദേശം നൽകി. സർക്കാർ നിർദ്ദേശത്തിനുവേണ്ടി കൂടുതൽ സമയം അനുവദിക്കണമെന്ന അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥന കോടതി തള്ളി. കേസ് വീണ്ടും വെള്ളിയാഴ്ച്ച കോടതിയുടെ പരിഗണനയ്ക്കു വരും.

വടകര പാലോളിത്താഴയിൽ ജിഷ,  തിരുവനന്തപുരം മടവൂർ പുലിയൂർക്കോണത്ത് ഷീബ മൻസിലിൽ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയിൽ വീട്ടിൽ മനീഷ, മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് എന്നിവരാണ് ഹരജിക്കാർ.
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ദുരിതത്തിലാവുകയും  നാട്ടിൽ വരാൻ വിമാന ടിക്കറ്റ് എടുക്കാൻ കഴിവില്ലാത്തവരുമായ  യു.എ.ഇയിലും സൗദി അറേബ്യയിലും ഖത്തറിലുമുള്ള  തങ്ങളുടെ ഭർത്താക്കന്മാരെ നാട്ടിലെത്തിക്കുന്നതിന് എംബസ്സിയുടെ ക്ഷേമനിധിയിൽ  നിന്നും തുക അനുവദിക്കണമെന്നാണ് ആദ്യ മൂന്ന്  ഹരജിക്കാരുടെ ആവശ്യം.  ഗൾഫ് രാജ്യങ്ങളിലെ എംബസ്സികളിലുള്ള ക്ഷേമനിധികളിലെ നൂറു കോടിയിൽപ്പരം  രൂപ പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെയും നാട്ടിലെത്തിക്കണമെന്നാണ് നാലാം ഹരജിക്കാരനായ പൊതുപ്രവർത്തകൻ ജോയ് കൈതാരത്തിന്റെ ആവശ്യം.

കേന്ദ്രസർക്കാരും, റിയാദിലെയും ദോഹയിലെയും ഇൻഡ്യൻ എംബസ്സികളിലെ അംബാസ്സഡർമാരും ദുബായിലെയും ജിദ്ദയിലെയും ഇന്ത്യൻ കോൺസുലേറ്റ് ജനറൽമാരുമാണ് എതിർ കക്ഷികൾ.  ഫണ്ടിനെക്കുറിച്ച് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളും ജോയ് കൈതാരത്ത് കേന്ദ വിദേശകാര്യ മന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കും കൊടുത്ത നിവേദനങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.  റിയാദിലെ “ഇടം സാംസ്കാരികവേദി “, ദുബായിലെ “ഗ്രാമം”, ദോഹയിലെ “കരുണ” എന്നീ സംഘടനകളുടെ സംയുക്ത ശ്രമഫലമായാണ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. അഡ്വ പി ചന്ദ്രശേഖരൻ, അഡ്വ. ജോൺ കെ ജോർജ്ജ്, അഡ്വ. ആർ മുരളീധരൻ എന്നിവരാണ് ഹർജിക്കാർക്കുവേണ്ടി കോടതിയിൽ ഹാജരായത്.

Latest Stories

We use cookies to give you the best possible experience. Learn more