| Thursday, 24th November 2022, 1:33 pm

മത സ്വാതന്ത്ര്യവും അനുബന്ധ മനുഷ്യാവകാശങ്ങളും ഇന്ത്യയില്‍ ഭീഷണി നേരിടുന്നു; യു.എസ് കമ്മീഷന്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മത സ്വാതന്ത്ര്യവും അതുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളും ഇന്ത്യയില്‍ ഭീഷണി നേരിടുന്നതായി യു.എസ് കമ്മീഷന്‍ റിപ്പോര്‍ട്ട്. യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (U.S. Commission for International Religious Freedom) ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സര്‍ക്കാര്‍ പോളിസികളുടെ പരാജയമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെയും ചില സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെയും നയങ്ങള്‍ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളെയും ആദിവാസികള്‍, ദളിത് എന്നീ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2022ല്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നുവെന്നും യു.എസ്.സി.ഐ.ആര്‍.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ മതന്യൂനപക്ഷങ്ങളെയും സര്‍ക്കാരിനെതിരായ ശബ്ദങ്ങളെയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് (International Religious Freedom Act) പ്രകാരം വ്യവസ്ഥാപിതവും അതിരുകടന്നതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യ’മായി പ്രഖ്യാപിക്കണമെന്നും നേരത്തെ യു.എസ്.സി.ഐ.ആര്‍.എഫ് ശിപാര്‍ശ ചെയ്തിരുന്നു.

ഇന്ത്യയെ ‘പ്രത്യേക പരിഗണനയുള്ള രാജ്യമായി’ യു.എസ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന ശിപാര്‍ശയും ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ കമ്മീഷന്‍ ആവര്‍ത്തിച്ചുന്നയിക്കുന്നുണ്ട്.

അതേസമയം, നേരത്തെ സമാനമായ റിപ്പോര്‍ട്ട് യു.എസ് കമ്മീഷന്‍ പുറത്തുവിട്ടപ്പോള്‍ ഇന്ത്യയിലെ സര്‍ക്കാര്‍ അത് തള്ളിയിരുന്നു. കമ്മീഷന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ‘പക്ഷപാതപരവും ഏകപക്ഷീയവും കൃത്യമല്ലാത്തതും’ ആണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

അമേരിക്കന്‍ കോണ്‍ഗ്രസ് നിയമിച്ച ഒരു സ്ഥാപനമാണ് യു.എസ്. കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. എന്നാല്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ബന്ധമായും നടപ്പിലാക്കേണ്ടവയല്ല.

ഒരു സ്വതന്ത്ര അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. മതസ്വാതന്ത്ര്യത്തിനുള്ള സാര്‍വത്രിക അവകാശം നിരീക്ഷിക്കുകയും വൈറ്റ്ഹൗസിന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് കമ്മീഷന്റെ പ്രഖ്യാപിത ഉത്തരവാദിത്തം.

Content Highlight: USCIRF report says religious freedom and related human rights are under threat in India

We use cookies to give you the best possible experience. Learn more