പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ചരിത്ര നേട്ടവുമായി മുള്‍ട്ടാന്‍ സുല്‍ത്താന്‍ താരം ഉസാമ മിര്‍. ലാഹോര്‍ ഖലന്തേഴ്‌സിനെതിരെയുള്ള മത്സരത്തിലാണ് താരം നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ നേടി കൊണ്ടായിരുന്നു താരത്തിന്റെ മികച്ച പ്രകടനം.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഒരു മത്സരത്തിൽ ആറു വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ സ്പിന്നര്‍ എന്ന ചരിത്ര നേട്ടമാണ് ഉസാമ മിര്‍ സ്വന്തമാക്കിയത്. നാല് ഓവറില്‍ 40 റണ്‍സ് വിട്ടു നല്‍കിയാണ് താരം ആറ് വിക്കറ്റുകള്‍ നേടിയത്.
ഇതിന് പിന്നാലെ മറ്റൊരു മോശം റെക്കോഡും താരം സ്വന്തമാക്കി. ടി-20യിൽ ആറ് വിക്കറ്റുകൾ നേടുമ്പോൾ ഏറ്റവും കൂടുതൽ റൺസ് വിട്ടു നൽകിയ താരം എന്ന മോശം റെക്കോഡും മുൾട്ടാൻ താരം സ്വന്തമാക്കി. 40 റൺസാണ് താരം വിട്ടുനൽകിയത്.
ഉസാമ മിറിന്റെ തകര്‍പ്പന്‍ ബൗളിങിലൂടെ മുള്‍ട്ടാന്‍ സുല്‍ത്താന്‍ 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുള്‍ട്ടാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്.
മുള്‍ട്ടാന്റെ ബാറ്റിങ്ങില്‍ ഉസ്മാന്‍ ഖാന്‍ 55 പന്തില്‍ 96 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളും രണ്ട് സിക്‌സും ആണ് ഉസ്മാന്റെ ബാറ്റില്‍ നിന്നും പിറന്നത്. 18 പന്തില്‍ 40 റണ്‍സുമായി ഇഫ്തികര്‍ അഹമ്മദും 27 പന്തില്‍ 40 റണ്‍സ് നേടി കൊണ്ട് റീസ ഹെന്‍ഡ്രിക്കസും മികച്ച പ്രകടനം നടത്തി.
വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ലാഹോർ 17 ഓവറില്‍ 154 റണ്‍സിന് പുറത്താവുകയായിരുന്നു.
മുള്‍ട്ടാന്‍ ബൗളിങ്ങില്‍ ഉസാമ മിര്‍ ആറ് വിക്കറ്റും ഫൈസല്‍ അക്രം രണ്ടു വിക്കറ്റും വീഴ്ത്തിക്കൊണ്ട് മുള്‍ട്ടാന് മികച്ച വിജയം സമ്മാനിച്ചു.
Content Highlight: Usama Mir Becomes The First Ever Spinner To Take 6 Wickets In A PSL match