| Friday, 17th May 2024, 9:06 am

ക്രിക്കറ്റിൽ കുട്ടിക്കാലത്ത് എന്റെ പ്രിയപ്പെട്ട താരങ്ങള്‍ അവരായിരുന്നു, ഇപ്പോള്‍ ഞാന്‍ ആരാധിക്കുന്നത് അവനെയാണ്: ഉസൈന്‍ ബോള്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇതിഹാസ ഒളിമ്പിക്‌സ് അത്ലെറ്റ് താരം ഉസൈന്‍ ബോള്‍ട്ട്. വസീം അക്രം, കോര്‍ട്ട്നി വാല്‍ഷ്, കര്‍ട്ട്ലി ആംബ്രോസ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നീ താരങ്ങളെയാണ് ബോള്‍ട്ട് തെരഞ്ഞെടുത്തത്.

‘വസീം അക്രം ഇപ്പോഴും എന്റെ ബാല്യകാല നായകന്മാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ ഇന്‍ സ്വിങ് യോര്‍ക്കര്‍ കാണണം, കര്‍ട്ട്ലി ആംബ്രോസും കോട്‌നീ വാല്‍ഷും ഞാന്‍ ഏറെക്കാലമായി ബഹുമാനിക്കുന്ന രണ്ടു ബോളര്‍മാരാണ്. എന്റെ പിതാവിനെപ്പോലെ തന്നെ ഞാന്‍ എപ്പോഴും വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പിന്തുണയ്ക്കുന്ന ആളാണ്. ഞാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വലിയ ആരാധകനായിരുന്നു. വളര്‍ന്നുവന്നപ്പോള്‍ ബ്രയാന്‍ ലാറയും എന്റെ ഇഷ്ടതാരമായി മാറി,’ ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു.

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയോടുള്ള ആരാധനയെക്കുറിച്ചും ബോള്‍ട്ട് പറഞ്ഞു.

‘ ഒരു സംശയവും ഇല്ലാതെ പറയാം വിരാട് ഒരു അസാധാരണമായ താരമാണ്. അവന്‍ ഒരു മികച്ച താരമാണ്,’ ഉസൈന്‍ ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോഹ്‌ലി മിന്നും ഫോമിലാണ് കളിക്കുന്നത്. 13 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും അടക്കം 661 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടില്‍ ഉള്ളത്. 66.10 ആവറേജിലും 155.16 സ്‌ട്രൈക്ക് റൈറ്റിലുമാണ് താരം ബാറ്റ് വീശിയത്.

ഐ.പി.എല്‍ കഴിഞ്ഞാല്‍ ഉടന്‍ നടക്കുന്നത് ടി-20 ലോകകപ്പാണ്. ജൂണ്‍ രണ്ടു മുതലാണ് ലോകകപ്പ് ആരംഭിക്കുന്നത്. വിരാട് തന്റെ ആറാമത്തെ ടി-20 ലോകകപ്പ് കളിക്കാനാണ് ഒരുങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സിസിനൊപ്പം നടത്തിയ കോഹ്‌ലി മിന്നും പ്രകടനങ്ങള്‍ ലോകകപ്പില്‍ ഇന്ത്യന്‍ ജേഴ്‌സിയിലും  ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Usain Boult talks his Favorite cricketers name

We use cookies to give you the best possible experience. Learn more