| Sunday, 11th August 2024, 11:22 am

ഉസൈന്‍ ബോള്‍ട്ട്, യോഹാന്‍ ബ്ലേക്ക്, അര്‍ഷാദ് നദീം ഒപ്പം ഫാസ്റ്റ് ബൗളിങ്ങും; ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാക്കളുടെ ക്രിക്കറ്റ് കരിയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 പാരീസ് ഒളിമ്പിക്സില്‍ ചരിത്രം കുറിച്ചാണ് അര്‍ഷാദ് നദീം പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 92.97 മീറ്റര്‍ ദൂരേക്ക് ജാവലിന്‍ പായിച്ച് ഒളിമ്പിക്സ് റെക്കോഡോടെയാണ് അര്‍ഷാദ് ഈ ഇനത്തില്‍ ഒന്നാമതെത്തിയത്. ഒളിമ്പിക്സ് ചരിത്രത്തില്‍ പാകിസ്ഥാന്റെ ആദ്യ വ്യക്തിഗത സ്വര്‍ണമെഡല്‍ നേട്ടമാണിത്.

ഫൈനലില്‍ ആദ്യ ത്രോ ഫൗളായതിന് ശേഷമാണ് അര്‍ഷാദ് ഒളിമ്പിക്സ് റെക്കോഡ് തകര്‍ത്ത് സ്വര്‍ണമണിഞ്ഞത്. നോര്‍വെയുടെ ആന്‍ഡ്രെസ് തോര്‍കില്‍സണിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് പഴങ്കഥയാക്കിയാണ് അര്‍ഷാദ് പാകിസ്ഥാന്റെ പേരിന് നേരെ മെഡല്‍ എഴുതിച്ചേര്‍ത്തത്.

കുട്ടിക്കാലത്ത് പാകിസ്ഥാന്‍ ദേശീയ ടീമിന് വേണ്ടി ക്രിക്കറ്റ് കളിക്കണമെന്ന സ്വപ്‌നത്തോടെയാണ് അര്‍ഷാദ് നദീം ഓരോ ദിവസവും ഉറക്കമെഴുന്നേറ്റത്. ഫാസ്റ്റ് ബൗളര്‍മാരെ പ്രൊഡ്യൂസ് ചെയ്യുന്ന ഫാക്ടറിയായ പാകിസ്ഥാനില്‍ നിന്നും മറ്റൊരു പേസര്‍ കൂടി പിറവിയെടുക്കുമെന്നാണ് നദീമും അദ്ദേഹത്തിന്റെ കൂട്ടുകാരും പ്രതീക്ഷിച്ചത്.

ഒളിമ്പിക് മെഡല്‍ സ്വീകരിച്ചതിന് പിന്നാലെ താന്‍ ഒരു മികച്ച ഫാസ്റ്റ് ബൗളറായിരുന്നു എന്ന കാര്യം നദീമും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഒരു ക്രിക്കറ്ററാകാതിരുന്നതാണ് തനിക്ക് സംഭവിച്ച ഏറ്റവും വലിയ കാര്യമെന്നും മെഡല്‍ നേട്ടത്തിന് പിന്നാലെ നദീം പ്രതികരിച്ചു. ഒരുപക്ഷേ ഫാസ്റ്റ് ബൗളറായിരുന്നെങ്കില്‍ ഒളിമ്പിക്‌സിനെത്താന്‍ സാധിക്കുമായിരുന്നില്ല എന്നും അര്‍ഷാദ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേവലം ജാവലിനിലും ക്രിക്കറ്റിലും മാത്രം ഒതുങ്ങി നിന്നവനായിരുന്നില്ല അര്‍ഷാദ്. ജാവലിന് പുറമെ മറ്റ് ത്രോയിങ് ഇവന്റുകളായ ഷോട്ട് പുട്ടിലും ഡിസ്‌കസ് ത്രോയിലും തിളങ്ങിയിരുന്ന താരം ഫുട്‌ബോളിലും കബഡിയിലും ബാഡ്മിന്റണിലും വരെ ഒരു കൈ നോക്കിയിരുന്നു.

അര്‍ഷാദ് നദീം മാത്രമല്ല ട്രാക്കില്‍ തീപ്പൊരി ചിതറിച്ച ജമൈക്കന്‍ വേഗരാജാക്കന്‍മാരായ ഉസൈന്‍ ബോള്‍ട്ടും യോഹാന്‍ ബ്ലേക്കും ചെറുപ്പത്തില്‍ ബൗളിങ്ങില്‍ തിളങ്ങിയവരാണ്.

തന്റെ കൗമാര കാലത്താണ് ബോള്‍ട്ട് പന്തെറിഞ്ഞ് ആരാധകരെ സൃഷ്ടിച്ചത്. ക്രിക്കറ്റിന് പുറമെ ഫുട്‌ബോളിനെയും ഏറെ സ്‌നേഹിച്ച ബോള്‍ട്ട് റയല്‍ മാഡ്രിഡിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു.

എന്നാല്‍ സ്‌കൂളിലെ പരിശീലകരാണ് ബോള്‍ട്ടിനെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലേക്ക് വഴിതിരിച്ചുവിട്ടത്.

2002ല്‍ വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ബോള്‍ട്ട് തന്റെ വരവറിയിച്ചത്. ജമൈക്കയുടെ തലസ്ഥാനനഗരിയായ കിങ്‌സ്റ്റണില്‍ 36,000ലധികം ആളുകളെ സാക്ഷിയാക്കി അന്നത്തെ 15 വയസുകാരന്‍ 200 മീറ്ററില്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറി. ഇതോടെ വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ബോള്‍ട്ടിനെ തേടിയെത്തി.

അന്നുതുടങ്ങിയ ജൈത്രയാത്ര ഒളിമ്പിക്‌സിലെ ട്രിപ്പിള്‍ ട്രിപ്പിളിലാണ് അവസാനിച്ചത്.

ബോള്‍ട്ടിന്റെ ഏറ്റവും അടുത്ത സുഹൃത്തും റൈവലും സഹതാരവുമായിരുന്ന ജമൈക്കന്‍ ഇതിഹാസം യോഹാന്‍ ബ്ലേക്കും സ്‌കൂള്‍ തലത്തില്‍ ഫാസ്റ്റ് ബൗളറായിരുന്നു. പന്തെറിയാനായി ഓടിയെത്തുന്ന ബ്ലേക്കിന്റെ റണ്‍ അപ്പിന്റെ വേഗം കണ്ട സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് താരത്തെ ട്രാക്കിലെത്തിച്ചത്. ശേഷം ബോള്‍ട്ടിനൊപ്പം മത്സരിച്ചും ഒപ്പമോടിയും ബ്ലേക്കും തന്റെ കരിയര്‍ പടുത്തുയര്‍ത്തി.

എന്നാല്‍ ക്രിക്കറ്റിനെ വിട്ടുകളയാന്‍ ബ്ലേക്ക് ഒരുക്കമായിരുന്നില്ല. ആഭ്യന്തര തലത്തില്‍ പന്തെറിയുന്ന ബ്ലേക്ക് ജമൈക്കന്‍ ക്രിക്കറ്റിലെ ഒരു പ്രധാന കാഴ്ച തന്നെയാണ്. കഴിഞ്ഞ വര്‍ഷം സബീന പാര്‍ക്കില്‍ നടന്ന ഒരു മത്സരത്തില്‍ യോര്‍ക്കറുകളും ബൗണ്‍സറുകളുമായി നിറഞ്ഞാടിയ ബ്ലേക്ക് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

Content Highlight: Usain Bolt, Yohan Blake and Arshad Nadeem initially wanted to become a fast bowler.

Latest Stories

We use cookies to give you the best possible experience. Learn more