മാഞ്ചസ്റ്റര്‍: ട്രാക്കിനോട് വിട പറഞ്ഞ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഫുട്ബാള്‍ കളിക്കാനൊരുങ്ങുന്നു. ജൂണ്‍ പത്തിന് ഓള്‍ഡ് ട്രാഫോഡിലാണ് ബോള്‍ട്ടിന്റെ ഫുട്ബാള്‍ പ്രകടനം കാണാന്‍ അവസരമൊരുങ്ങന്നത്.
യുനിസെഫിന്റെ ചാരിറ്റി മല്‍സരത്തിലാണ് ബോള്‍ട്ട് ഇറങ്ങുന്നത്. യുനിസെഫിന്റെ സോക്കര്‍ എയ്ഡ് ടീമിന്റെ നായകനായിട്ടായിരിക്കും ബോള്‍ട്ട് കളത്തിലിറങ്ങുക. ഫുട്ബോള്‍ താരങ്ങളും മറ്റ് മേഖലയില്‍ നിന്നുമുളള പ്രശസ്തരും പങ്കെടുക്കുന്ന മല്‍സരത്തില്‍ സോക്കര്‍ എയ്ഡിന്റെ എതിരാളികള്‍ ഇംഗ്ലണ്ടാണ്.
പ്രശസ്ത ഗായകന്‍ റോബി വില്യംസാണ് ഇംഗ്ലണ്ടിന്റെ നായകന്‍.
തന്റെ ഫുട്ബാള്‍ കമ്പം നേരത്തെ തന്നെ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ബോള്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും റയലിന്റെയും ആരാധകനാണ് താനെന്നും ബോള്‍ട്ട് നേരത്തെ പറഞ്ഞിരുന്നു.
മറഡോണ, റൊണാള്‍ഡീന്യോ, വില്‍ഫെറല്‍ തുടങ്ങിയ പ്രമുഖര്‍ നേരത്തെ സോക്കര്‍ എയ്ഡിനായി കളിക്കാനിറങ്ങിയിട്ടുണ്ട്.
തന്റെ പ്രിയ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ബോള്‍ട്ട് പറഞ്ഞിരുന്നു. ഫുട്ബോള്‍ താരമാവുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നായിരുന്നു ബോള്‍ട്ട് പറഞ്ഞത്.
തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സുകളില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണം നേടിയ ഏക താരമാണ് ബോള്‍ട്ട്. നൂറ് മീറ്ററിലും ഇരുന്നൂറ് മീറ്ററിലും ലോക റെക്കോര്‍ഡും ബോള്‍ട്ടിന്റെ പേരിലാണ്.