ബോള്‍ട്ട് ബൈക്കോടിക്കാന്‍ പഠിക്കയാണ്...!
Daily News
ബോള്‍ട്ട് ബൈക്കോടിക്കാന്‍ പഠിക്കയാണ്...!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2016, 2:25 pm

ലണ്ടന്‍: ഇരു കാലുകളിലുമൂന്നിയുള്ള ഓട്ടമത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലാന്‍ ലോകത്തില്‍ ആരുമില്ലെന്ന കാര്യം സംശയമില്ലാതെ പല തവണ തെളിയിക്കപ്പെട്ടതാണ്. പക്ഷെ പ്രായം മുപ്പത് കഴിഞ്ഞെങ്കിലും ഇരു ചക്ര വാഹനമോടിക്കുന്ന കാര്യത്തില്‍ ബോള്‍ട്ടിപ്പഴും സ്ലോയാണ്.

ആ ചെറിയ വലിയ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍. റിയോ ഒളിമ്പിക്‌സിലെ ട്രിപ്പില്‍ സ്വര്‍ണ്ണ നേട്ടത്തിന് പിന്നാലെ ഇരു ചക്രവാഹനമോടിക്കാന്‍ പരിശീലനം ആരംഭിച്ചിരിക്കുകയാണ് ബോള്‍ട്ട്.

ഇപ്പോള്‍ ലണ്ടനിലുള്ള ബോള്‍ട്ട് അവിടെ ബൈക്കോടിക്കാന്‍ പരിശീലനം നടത്തുന്ന വാര്‍ത്ത ചിത്രങ്ങള്‍ സഹിതം ബ്രിട്ടീഷ് മാധ്യമങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. സെന്‍ട്രല്‍ ലണ്ടനിലാണ് ഒരു പരിശീലകന്റെ സഹായത്തോടെ ബോള്‍ട്ട് ബൈക്കോടിക്കാന്‍ ഹരിശ്രീ കുറിച്ചിരിക്കുന്നത്.

റോഡിലെ കാര്‍പാര്‍ക്കില്‍ നിരത്തി വച്ചിരിക്കുന്ന സിഗനലുകള്‍ക്കിടയിലൂടെ പരിശീലകന്റെ നിര്‍ദ്ദേശാനുസരണം ബോള്‍ട്ട് ബൈക്കോടിക്കുന്ന ചിത്രങ്ങളാണ് മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോണ്ടയുടെ 110mph വേഗതയുള്ള NC750 മോഡല്‍ ബൈക്കിലാണ് ബോള്‍ട്ടിന്റെ പരിശീലനം.  ബോള്‍ട്ടിനെക്കാള്‍ വേഗതയുള്ള ബൈക്കാണ് ഇത്.

ബൈക്കിന് മുന്നില്‍ ലേണേറാണെന്ന് തിരിച്ചറിയാനുള്ള എല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. ഹൈ വിസിബിലിറ്റി ജാക്കറ്റ് ധരിച്ച ബോള്‍ട്ട് പരിശീലകന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് ബൈക്കോടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

റിയോയില്‍ ഒളിമ്പിക്‌സ് സമാപിച്ചതിന് പിന്നാലെ ലണ്ടനില്‍ എത്തിയ ബോള്‍ട്ട് പാര്‍ട്ടി മൂഡിലായിരുന്നു.നൈറ്റ് ക്ലബ്ബുകളില്‍ യുവതികളോടൊപ്പം ബോള്‍ട്ട് ആടിപ്പാടുന്നത് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇത്തരം പാര്‍ട്ടികള്‍ക്ക് അവധി കൊടുത്താണ് ലോക ചാമ്പ്യന്‍ ബൈക്കിലൊരു കൈ നോക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.