പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റണ്ണിങ് ടെക്‌നിക്കിലെ പിഴവ് ചൂണ്ടിക്കാട്ടി ജമൈക്കന്‍ ലെജന്‍ഡ് ഉസൈന്‍ ബോള്‍ട്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ കളത്തില്‍ വേഗതയുള്ള കളിക്കാരന്‍ എന്ന് പേരുകേട്ട താരമാണ് റൊണാള്‍ഡോ. കാല്‍പ്പന്ത് കളിയിലെ താരത്തിന്റെ ഓട്ടം മികച്ചതാക്കാന്‍ എളുപ്പ വഴികള്‍ പറഞ്ഞുകൊടുക്കുകയാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായ ബോള്‍ട്ട്.
‘റോണോ ഓട്ടത്തിന്റെ വേഗത കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ മറിഞ്ഞ് വീഴാന്‍ പോകാറുണ്ട്. ഓടുമ്പോള്‍ കാല്‍ ഗുരുത്വാകര്‍ഷണ കേന്ദ്രത്തിന് താഴേക്കോ അദ്ദേഹത്തിന് മുന്നിലേക്കോ കൊണ്ടുവരുമ്പോള്‍ അപകടം സംഭവിക്കില്ലെന്ന് മാത്രമല്ല ഓട്ടം എളുപ്പത്തിലാവുകയും ചെയ്യും. അപ്പോള്‍ കളി കൂടുതല്‍ മെച്ചപ്പെടുകയും കൂടുതല്‍ വേഗത്തില്‍ ദൂരേക്ക് ഓടാനും സഹായിക്കും,’ ബോള്‍ട്ട് ബ്ലീച്ചര്‍ റിപ്പോര്‍ട്ടിനോട് പറഞ്ഞു.
‘ദി ഫുട്‌ബോള്‍ ലവേഴ്‌സി’ന്റെ കണക്കുപ്രകാരം മണിക്കൂറില്‍ 33.36 കിലോമീറ്റര്‍ (33.6 kmph) ആണ് റൊണാള്‍ഡോയുടെ വേഗത. ഒരു ഫുട്‌ബോള്‍ കളിക്കാരനെ സംബന്ധിച്ച് ഏറ്റവും ഉയര്‍ന്ന വേഗതയാണ് ഇത്. എന്നാല്‍ റൊണാള്‍ഡോ തന്റെ പരമാവധി വേഗത പുറത്തെടുത്തിട്ടില്ലെന്നാണ് ബോള്‍ട്ട് പറയുന്നത്.
അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.
രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.
അല്‍ നസറില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ റോണോക്ക് സാധിച്ചിരുന്നു. താരത്തിന്റെ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുന്ന പ്രകടനമാണ് അറേബ്യന്‍ മണ്ണില്‍ റൊണാള്‍ഡോ കാഴ്ചവെക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.