ക്രിസ്ത്യന്‍ പള്ളിയില്‍ 'അല്ലാഹു' പ്രയോഗം: മലേഷ്യയില്‍ പ്രതിഷേധം വ്യാപകം
World
ക്രിസ്ത്യന്‍ പള്ളിയില്‍ 'അല്ലാഹു' പ്രയോഗം: മലേഷ്യയില്‍ പ്രതിഷേധം വ്യാപകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th March 2014, 7:00 am

[share]

[]കൊലാലംപൂര്‍: ക്രിസ്ത്യന്‍ പള്ളിയില്‍ “അല്ലാഹു” എന്ന വാക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മലേഷ്യയില്‍ മുസ്‌ലീങ്ങള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാവുന്നു.

മലായ് ഭാഷയില്‍ മുസ്‌ലീം അല്ലാത്തവര്‍ “അല്ലാഹു” എന്ന പദം ഉപയോഗിക്കുന്നതിന് നേരത്തേ വിലക്കു വന്നിരുന്നു. ഇതിനെതിരെ കോടതിയില്‍ െൈക്രസ്തവര്‍ നല്‍കിയ പരാതിയില്‍ വിധി വരാനിരിയ്‌ക്കെയാണ് പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നത്.

ദൈവം എന്ന അര്‍ത്ഥത്തില്‍ മലായ് ഭാഷയില്‍ “അല്ലാഹു” എന്ന പദം ഉപയോഗിയ്ക്കുന്നതിന് പ്രശ്‌നമില്ലെന്നാണ് രാജ്യത്തെ ക്രൈസ്തവരുടെ പക്ഷം.

ഏഴംഗ ജഡ്ജിമാര്‍ അടങ്ങിയ ബഞ്ചിന്റെ പരിഗണനയിലാണ് ഇപ്പോള്‍ കേസ്. വിവിധ വിഭാഗങ്ങള്‍ ഒരുപോലെ ജീവിയ്ക്കുന്ന മലേഷ്യയില്‍ ഇത്തരത്തില്‍ ഒരു വിവാദം ഉണ്ടാവുന്നതോടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പരമോന്നത കോടതിയ്ക്ക് മുമ്പില്‍ ഇസ്‌ലാം മത വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തില്‍ ഏതാണ്ട് 500 ഓളം പേര്‍ പങ്കെടുത്തു.

“അല്ലാഹു” എന്ന പദം ഉപയോഗിക്കാന്‍ മുസ്‌ലീങ്ങള്‍ക്ക് മാത്രമാണ് അവകാശമുള്ളതെന്നും അതല്ലാതെ ഇത്തരത്തില്‍ ഉപയോഗിയ്ക്കപ്പെടുമ്പോള്‍ പുതിയ തലമുറ തെറ്റിദ്ധരിയ്ക്കപ്പെടുമെന്നും മുസ്‌ലീം സംഘടന വക്താവ് റോസ്‌ലി ആനി പറഞ്ഞു.