യു.എസ്.എയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി-ട്വന്റിയിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി അമേരിക്ക. പ്രൈരി വ്യു ക്രിക്കറ്റ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ 6 റണ്‍സിനാണ് അമേരിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര അമേരിക്ക സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റിലാണ് അമേരിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും അമേരിക്ക സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ടി-ട്വന്റി സീരീസില്‍ ആദ്യ രണ്ട് മത്സരവും വിജയിച്ചു പരമ്പര സ്വന്തമാക്കിയ നേട്ടമാണ് അമേരിക്ക സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് അമേരിക്കയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് ടീം നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 19.3 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
അമേരിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മൊനാങ്ക് പട്ടേല്‍ 38 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ ആരോണ്‍ ജോണ്‍സ് 34 പന്തില്‍ നിന്ന് 35 റണ്‍സ് ഓപ്പണര്‍ സ്റ്റീവന്‍ ടൈലര്‍ 28ന് 31 റണ്‍സും നേടി. മറ്റാര്‍ക്കും തന്നെ കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ബംഗ്ലാദേശിന്റെ ഷരീഫുല്‍ ഇസ്ലാം, മുസ്തഫീസൂര്‍ റഹ്‌മാന്‍, റാഷിദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
മറുപടിക്ക് ഇറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ സൗമ്യ സര്‍ക്കാറിന് 0 റണ്‍സിന് നഷ്ടമായി. സൗരഭ് നേത്രാവല്‍ക്കറാണ് വിക്കറ്റ് സ്വന്തമാക്കിയത്. ശേഷം ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ 34 പന്തില്‍ 36 റണ്‍സും ഷാക്കിബ് അല്‍ഹസന്‍ 23 പന്തില്‍ 36 റണ്‍സും നേടി ടീമിന് ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. തൗഹീദ് ഹൃദ്ധ്യോയി 25 റണ്‍സ് നേടിയപ്പോള്‍ തന്‍സീദ് ഹസ്സന്‍ 19 റണ്‍സ് നേടിയിരുന്നു. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
അമേരിക്കക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചത് അലി ഖാന്‍ ആണ്. മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. സൗരഭ് നേത്രാവല്‍ക്കര്‍, ഷഡ്ലി സ്‌കല്‍വിക് എന്നിവര്‍ രണ്ട് വിക്കറ്റും ജസ്ദീപ് സിങ്, കോറി ആന്‍ഡേര്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി വിജയം എളുപ്പമാക്കി.
കുഞ്ഞന്മാരാണെന്ന് കരുതിയ അമേരിക്കയെ ഇനി പല വമ്പന്‍ ടീമുകളും പേടിക്കേണ്ട അവസ്ഥയാണ് നിലവില്‍. ആദ്യ ടി ട്വന്റി പരമ്പര തന്നെ വിജയിച്ച വമ്പന്‍ കുതിപ്പാണ് അമേരിക്ക നടത്തുന്നത്. ടി ട്വന്റി ലോകകപ്പ് മുന്നില്‍കണ്ട് മികച്ച കടന്നുവരവിനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ബംഗ്ലാദേശിനെതിരായ അവസാന മത്സരം നാളെ അതേ സ്റ്റേഡിയത്തില്‍ തന്നെയാണ് നടക്കാനിരിക്കുന്നത്.
Content Highlight: USA Win Their First T-20 series Against Bangladesh