അടുത്ത ലോകകപ്പിന് ഇപ്പോഴേ യോഗ്യത നേടിയവരെ തറവാട്ടില്‍ ചെന്ന് വൈറ്റ്‌വാഷ് ചെയ്തവരുടെ പേര് മറക്കേണ്ട, നേപ്പാള്‍
Sports News
അടുത്ത ലോകകപ്പിന് ഇപ്പോഴേ യോഗ്യത നേടിയവരെ തറവാട്ടില്‍ ചെന്ന് വൈറ്റ്‌വാഷ് ചെയ്തവരുടെ പേര് മറക്കേണ്ട, നേപ്പാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd October 2024, 8:31 am

നേപ്പാളിന്റെ അമേരിക്കന്‍ പര്യടനത്തിലെ മൂന്നാം ടി-20യും ആധികാരികമായി വിജയിച്ച് നേപ്പാള്‍. യു.എസ്.എ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റും എട്ട് പന്തുകളും ശേഷിക്കെ മറികടന്നാണ് സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരാനും റൈനോസിന് സാധിച്ചു.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മൂന്നാം മത്സരത്തിന് മുമ്പേ പരമ്പര സ്വന്തമാക്കിയാണ് നേപ്പാള്‍ തിളങ്ങിയത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ആശ്വാസ ജയം തേടിയാണ് അമേരിക്ക മൂന്നാം മത്സരത്തിനിറങ്ങിയത്.

ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയേറ്റെങ്കിലും സൈതേജ മുക്കമല്ല, മിലിന്ദ് കുമാര്‍ എന്നിവരുടെ ചെറുത്തുനില്‍പില്‍ ആതിഥേയര്‍ മോശമല്ലാത്ത ടോട്ടലിലേക്ക് നടന്നുകയറി.

രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേലിനെ ടീമിന് നഷ്ടമായി. സോംപാല്‍ കാമിയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് പട്ടേലിന് സ്വന്തമാക്കാന്‍ സാധിച്ചത്. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി യു.എസ്.എയുടെ വേള്‍ഡ് കപ്പ് ഹീറോ ആന്‍ഡ്രീസ് ഗസും പുറത്തായി.

പിന്നാലെയെത്തിയ സൂപ്പര്‍ താരം ആരോണ്‍ ജോണ്‍സിനും ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. 16 പന്ത് നേരിട്ട് 13 റണ്‍സ് മാത്രമാണ് ജോണ്‍സ് സ്വന്തമാക്കിയത്.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് നിന്ന് സൈതേജ മുക്കമല്ല സ്‌കോര്‍ ബോര്‍ഡ് ചലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി.

ജോണ്‍സിന് പിന്നാലെ മിലിന്ദ് കുമാറാണ് ക്രീസിലെത്തിയത്. ശേഷം അതുവരെയില്ലാത്ത ആവേശത്തിലാണ് യു.എസ്.എ ബാറ്റ് വീശിയത്. മുക്കമല്ലയുടെയും മിലിന്ദിന്റെയും കൂട്ടുകെട്ട് യു.എസ്.എയെ നൂറ് കടത്തി. നാലാം വിക്കറ്റില്‍ 66 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 131ല്‍ നില്‍ക്കവെ മുക്കമല്ലയുടെ വിക്കറ്റ് ടീമിന് നഷ്ടമായി. 51 പന്തില്‍ 68 റണ്‍സാണ് താരം നേടിയത്. മുക്കമല്ല പുറത്തായതിന് ശേഷവും മിലിന്ദ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 എന്ന നിലയില്‍ ആതിഥേയര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 35 പന്തില്‍ പുറത്താകാതെ 43 റണ്‍സ് നേടിയാണ് മിലിന്ദ് കുമാര്‍ നിര്‍ണായകമായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ അനില്‍ ഷായെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ കുശാല്‍ ഭര്‍ട്ടലിനെ ഒപ്പം കൂട്ടി ആസിഫ് ഷെയ്ഖ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

അര്‍ധ സെഞ്ച്വറി നേടിയാണ് ഷെയ്ഖ് തിളങ്ങിയത്. നേരിട്ട 39ാം പന്തില്‍ ഡ്രൈസ്‌ഡേലിന് വിക്കറ്റ് നല്‍കും മുമ്പ് 50 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്.

നാലാം നമ്പറിലിറങ്ങിയ കുശാല്‍ മല്ലയും തകര്‍ത്തടിച്ചതോടെ നേപ്പാള്‍ ആനായാസം വിജയലക്ഷ്യം മറികടന്നു. ഭര്‍ട്ടല്‍ 32 പന്തില്‍ പുറത്താകാതെ 40 റണ്‍സടിച്ചപ്പോള്‍ 30 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് മല്ലയുടെ സമ്പാദ്യം.

നേരത്തെ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെയടക്കം തകര്‍ത്തതോടെയാണ് യു.എസ്.എ ക്രിക്കറ്റ് ചര്‍ച്ചകളില്‍ സജീവമായത്. 2024 ലോകകപ്പിന്റെ ആതിഥേയര്‍ എന്ന നിലയില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ യു.എസ്.എ 2026 ലോകകപ്പിന് മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ടിക്കറ്റെടുത്തത്.

 

ഇന്ത്യയും പാകിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്നും രണ്ടാമതായി സൂപ്പര്‍ 8ന് യോഗ്യത നേടിയാണ് യു.എസ്.എ തിളങ്ങിയത്. സൂപ്പര്‍ 8ന്റെ ഭാഗമായതോടെ 2026ല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് യോഗ്യത നേടാനും അമേരിക്കക്ക് സാധിച്ചിരുന്നു.

 

 

Content highlight: USA vs Nepal T20 series: Nepal clinch 3-0 victory