ടി-20 ലോകകപ്പിന് മുമ്പുള്ള കാനഡയുടെ അമേരിക്കന്‍ പര്യടനത്തില്‍ ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-0ന് ക്ലീന്‍ സ്വീപ് ചെയ്താണ് യു.എസ്.എ സ്വന്തമാക്കിയത്. പരമ്പരയിലെ മൂന്നാം മത്സരം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചപ്പോള്‍ ശേഷിക്കുന്ന നാല് മത്സരത്തിലും ആതിഥേയര്‍ വിജയിച്ചു.
കഴിഞ്ഞ ദിവസം ഹ്യൂസ്റ്റണിലാണ് പരമ്പരയിലെ അവസാന മത്സരം നടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്ക രണ്ട് പന്തും നാല് വിക്കറ്റും കയ്യിലിരിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍ നിതീഷ് കുമാറിന്റെയും മുന്‍ കിവീസ് സൂപ്പര്‍ താരം കോറി ആന്‍ഡേഴ്‌സണിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് യു.എസ്.എ വിജയിച്ചുകയറിയത്.
38 പന്തില്‍ നാല് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 168.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 64 റണ്‍സാണ് നിതീഷ് കുമാര്‍ നേടിയത്.
48 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയാണ് ആന്‍ഡേഴ്‌സണ്‍ പുറത്തായത്.
A USA debut and a player of the match award to debut! Have a day Nitish Kumar! pic.twitter.com/Vpr04BpGMw
അന്താരാഷ്ട്ര തലത്തില്‍ മുമ്പ് കളിച്ച ടീമിനെതിരെ അര്‍ധ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. ഇതിന് പുറമെ രണ്ടാം ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്നതാണ് മറ്റൊന്ന്.
ഇപ്പോള്‍ അമേരിക്കക്കായി കളത്തിലിറങ്ങും മുമ്പ് കാനഡയുടെ താരമായിരുന്നു നിതീഷ്.
2019ല്‍, ഐ.സി.സി മെന്‍സ് ടി-20 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് നിതീഷ് കുമാര്‍ കാനഡക്കായി അര്‍ധ സെഞ്ച്വറി നേടിയത്. 36 പന്തില്‍ പുറത്താകാതെ 57 റണ്‍സാണ് താരം നേടിയത്. നിതീഷിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ കാനഡ 50 റണ്‍സിന് വിജയിച്ചിരുന്നു.
കരിയറിലിതുവരെ 17 അന്താരാഷ്ട്ര ടി-20 ഇന്നിങ്‌സിലാണ് താരം ബാറ്റേന്തിയത്. 133.15 സ്‌ട്രൈക്ക് റേറ്റിലും 33.20 ശരാശരിയിലും 498 റണ്‍സാണ് നിതീഷ് കുമാര്‍ സ്വന്തമാക്കിയത്.
വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ യു.എസ്.എയുടെ പ്രധാന താരമാണ് നിതീഷ് കുമാര്‍. ടൂര്‍ണമെന്റിന്റെ ആതിഥേയരെന്ന നിലയിലാണ് അമേരിക്ക ലോകകപ്പിന് യോഗ്യത നേടിയത്.
ജൂണ്‍ രണ്ടിനാണ് അമേരിക്കയുടെ ആദ്യ മത്സരം. കാനഡയാണ് എതിരാളികള്‍. ജൂണ്‍ ആറിന് പാകിസ്ഥാനെ നേരിടുന്ന അമേരിക്ക ജൂണ്‍ 12ന് ഇന്ത്യയെയും 14ന് അയര്‍ലന്‍ഡിനെും നേരിടും.
Content Highlight: USA vs Canada: Nitish Kumar scored half century