| Saturday, 6th March 2021, 11:24 pm

ജോലി ലഭിക്കുന്നതിലും സ്ഥാനക്കയറ്റത്തിലും വിവേചനം; ഫേസ്ബുക്കിലെ വംശീയത അന്വേഷിക്കാന്‍ അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഫേസ്ബുക്കിനെതിരെ കടുത്ത നിലപാടുമായി അമേരിക്ക വീണ്ടും. ഫേസ്ബുക്കില്‍ സിസ്റ്റമിക് റേസിസം (വ്യവസ്ഥാപിത വംശീയത) നിലനില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഫേസ്ബുക്കിനെതിരെ അന്വേഷണ ഏജന്‍സി രംഗത്തെത്തിയത്.

ഫേസ്ബുക്കില്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിച്ച മൂന്ന് പേരും കമ്പനിയിലെ മാനേജറുമാണ് വംശീയ വിവേചനം നേരിട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്.

കറുത്ത വര്‍ഗക്കാരായ ജീവനക്കാരോടും ഉദ്യോഗാര്‍ത്ഥികളോടും ഫേസ്ബുക്ക് വിവേചനം കാണിക്കുന്നുവെന്നാണ് ഇവരുടെ പരാതി. കറുത്ത വര്‍ഗക്കാരെ കുറിച്ചുള്ള പല സ്റ്റീരിയോടെപ്പുകളും കമ്പനിയുടെ നയങ്ങളിലൂടെ വളര്‍ന്നുവരികയാണെന്നും വളരെ വ്യക്തിപരമായ താല്‍പര്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പുറത്താണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതെന്നും ഇവര്‍ പറയുന്നു. പ്രൊമോഷനിലും മറ്റു അവസരങ്ങള്‍ നേടുന്നതിലുമെല്ലാം ഇത് പ്രതിഫലിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവിലെ ജീവനക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കമ്പനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ബോണസ് നല്‍കുന്ന പോളിസിയെ ഇവര്‍ ഉദാഹരണമായി ഉയര്‍ത്തി കാണിക്കുന്നു. ഈ പോളിസിയുടെ ഭാഗമായി നിലവിലെ രീതികള്‍ക്ക് അനുസരിച്ചുള്ളവര്‍ മാത്രം കടന്നുവരികയും ഇപ്പോഴുള്ള അതേ വ്യവസ്ഥ തന്നെ തുടര്‍ന്നുപോവുകയും ചെയ്യുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു. ഫേസ്ബുക്ക് അമേരിക്കയിലെ ജീവനക്കാരില്‍ 3.9 ശതമാനം മാത്രമാണ് കറുത്ത വര്‍ഗക്കാരുള്ളത്.

തുല്യമായ തൊഴിലവസരങ്ങള്‍ക്കായുള്ള കമ്മിഷണനാണ് ( Equal Employment Opportunity Commission-ഇ.ഇ.ഒ.സി) സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഒരു കമ്പനിയുടെ വിവിധ നയങ്ങള്‍ വലിയ വിവേചനത്തിന് കാരണമാകുന്നുതെന്ന് എങ്ങനെയെന്നാണ് കമ്മിഷന്‍ അന്വേഷിക്കുന്നത്.

സാധാരണയായി മധ്യസ്ഥ ചര്‍ച്ചകളിലൂടെ നയങ്ങളില്‍ മാറ്റം വരുത്തിയാണ് പ്രശ്‌നം പരിഹരിക്കാന്‍ കമ്മിഷന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ ഗൗരവമായ കേസുകളില്‍ കൂടുതല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാറുണ്ട്. ഫേസ്ബുക്കിനെതിരെ ഇത്തരം നടപടിയുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: USA starts probe  against Facebook after employees complained systemic racism

We use cookies to give you the best possible experience. Learn more