| Wednesday, 8th November 2023, 1:03 pm

യുദ്ധാനന്തരം ഗസയിലെ ഇസ്രഈല്‍ അധിനിവേശം പിന്തുണയ്ക്കില്ല; അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തെ യുദ്ധാനന്തരം പിന്തുണക്കില്ലെന്ന് അമേരിക്ക. ഗസയില്‍ ഇസ്രഈല്‍ സൈന്യം വീണ്ടും അധിനിവേശം നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശ്വസിക്കുന്നതായി യു. എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു.

‘ഗസയില്‍ ഇസ്രഈല്‍ സൈന്യം വീണ്ടും അധിനിവേശം നടത്തുന്നത് ശരിയായ  കാര്യമല്ലായെന്ന് ബൈഡന്‍ വിശ്വസിക്കുന്നു’ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

യുദ്ധാനന്തരം ഗസയുടെ സുരക്ഷ  ഏറ്റെടുക്കുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അമേരിക്കന്‍ വക്താവിന്റെ പ്രതികരണം.

‘അനിശ്ചിതകാലത്തേക്ക് സുരക്ഷയുടെ ഉത്തരവാദിത്വം ഇസ്രഈല്‍ ഏറ്റെടുക്കുന്നു’, നെതന്യാഹു എ.ബി.സി ന്യൂസിനോട് പറഞ്ഞിരുന്നു.

സംഘര്‍ഷാനന്തരം ഗസ എങ്ങനെയാണെന്നും ഭരണം എങ്ങനെയാണെന്നും ആരോഗ്യകരമായ ഒരു സംഭാഷണം ആവശ്യമാണെന്ന് ജോണ്‍ കിര്‍ബി ചൊവ്വാഴ്ച പറഞ്ഞു.

വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം ഇസ്രഈലും ഹമാസും തള്ളിക്കളഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം ഹമാസ് ആദ്യം ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇസ്രഈല്‍ ആവശ്യപ്പെടുന്നതെന്നും ഗസ ആക്രമിക്കപ്പെടുമ്പോള്‍ അവരെ മോചിപ്പിക്കുകയും യുദ്ധം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്നും  പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു .

10,000 കണക്കിന് ഫലസ്തീനികള്‍ ഇസ്രഈല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഗസയുടെ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10,328പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 4,237 പേരും കുട്ടികളാണ്.

Content Highlight: USA spokesperson statement on Gaza issue

We use cookies to give you the best possible experience. Learn more