| Monday, 8th March 2021, 5:45 pm

'വേണ്ടി വന്നാല്‍ തിരിച്ചടിക്കും, അതിന്റെ സമയവും സ്ഥലവും ഞങ്ങള്‍ നിശ്ചയിക്കും': ഇറാഖില്‍ ആക്രമണത്തിനൊരുങ്ങി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇറാഖില്‍ വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടി അമേരിക്ക. ഇറാഖിലെ യു.എസ് എയര്‍ബേസിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. പെന്റഗണ്‍ ചീഫും പ്രതിരോധ സെക്രട്ടറിയുമായ ലോയ്ഡ് ഓസ്റ്റിനാണ് ഇറാഖിലെ അമേരിക്കന്‍ നിലപാടുകളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്.

‘ആവശ്യമാണെന്ന് തോന്നിയാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. അതിന്റെ സമയവും സ്ഥലവുമൊക്കെ ഞങ്ങള്‍ തന്നെയായിരിക്കും തീരുമാനിക്കുക. ഞങ്ങളുടെ ട്രൂപ്പുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ അവകാശവും ഞങ്ങള്‍ക്കുണ്ട്,’ ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

യു.എസ് എയര്‍ബേസിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് അമേരിക്ക ഇറാഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയെതെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആക്രമണത്തിന്റെ ഗൗരവം മനസ്സിലാക്കി ഇറാഖ് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ‘അവര്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്താണെന്ന് വെച്ചാല്‍ ഞങ്ങളുടെ ട്രൂപ്പുകളെ ഞങ്ങള്‍ സംരക്ഷിച്ചിരിക്കും. അതേസമയം ചിന്തിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ല. അനുയോജ്യമായ തിരിച്ചടി തന്നെയായിരിക്കും ഞങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാവുക. ഇതെല്ലാം മനസ്സിലാക്കി ഇറാഖ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു്,’ അദ്ദേഹം പറഞ്ഞു.

നേരത്തെ സിറിയയിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖിലെ യു.എസ് ട്രൂപ്പുകള്‍ക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയായിട്ടായിരുന്നു അമേരിക്ക ഈ ആക്രമണം നടത്തിയത്. അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ഈ ആദ്യ മിലിട്ടറി ആക്ഷനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

2011 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റിന് യുദ്ധവുമായി ബന്ധപ്പെട്ട് അനുവദിച്ചു നല്‍കിയ പ്രത്യേകാധികാരത്തിന്റെ ദുരുപയോഗമാണ് ഈ ആക്രമണമെന്നാണ് വിമര്‍ശനമുയര്‍ന്നത്. കോണ്‍ഗ്രസ് പ്രതിനിധികളടക്കമുള്ളവരാണ് ആക്രമണത്തിന്റെ നിയമസാധുത ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. അന്താരാഷ്ട്ര സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 22 പേരാണ് സിറിയയിലെ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: USA says it will do what is necessary to defend itself after attack in Iraq

We use cookies to give you the best possible experience. Learn more