ഐ.പി.എല്ലിന്റെ ആവേശത്തിന് ശേഷം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് ടി-20 ലോകകപ്പ് ടൂര്‍ണമെന്റ്. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള പല ടീമുകളും തങ്ങളുടെ 15 അംഗ സ്‌ക്വാഡ് പുറത്ത് വിട്ടിരിക്കുകയാണ്. ഇപ്പോള്‍ പുതുതായി പുറത്ത് വിട്ടിരിക്കുന്ന സ്‌ക്വാഡ് യു.എസിന്റേതാണ്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രണ്ട് പേരാണ് യു.എസും വെസ്റ്റ് ഇന്‍ഡീസും. ഇതോടെ ഇരു ടീമും ടൂര്‍ണമെന്റില്‍ നേരിട്ട് ക്വാളിഫൈര്‍ ആവുകയായിരുന്നു.
എന്നാല്‍ യു.എസ് സ്‌ക്വാഡിലെ ഒരു ഇന്ത്യന്‍ സാനിധ്യമാണ് ഏവര്‍ക്കും ഇപ്പോള്‍ കൗതുകമാകുന്നത്. മുന്‍ ദല്‍ഹി ബാറ്ററും 2018-19 രഞ്ജി ട്രോഫിയിലെ മുന്‍നിര താരവുമായ മിലിന്ദ് കുമാര്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ടീമില്‍ ഇടം കണ്ടെത്തി.
2018-19 രഞ്ജിയില്‍ മിലിന്ദായിരുന്നു ടോപ് സ്‌കാറര്‍. 1331 റണ്‍സ് നേടിയ വലംകൈയ്യന്‍ ബാറ്റര്‍ മിലിന്ദ് ഇതിന് മുമ്പ് ദല്‍ഹിക്കായി ഏഴ് സീസണുകള്‍ കളിച്ചിട്ടുണ്ട്, തുടര്‍ന്ന് മികച്ച അവസരങ്ങള്‍ തേടി യു.എസിലേക്ക് കുടിയേറുകയായിരുന്നു. രഞ്ജിയില്‍ സിക്കിമിനും ത്രിപുരയ്ക്കും വേണ്ടി താരം കളിച്ചിരുന്നു. രഞ്ജിയില്‍ മാത്രമല്ല ഐ.പി.എല്ലില്‍ ദല്‍ഹിക്കും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും വേണ്ടി 33 കാരനായ ബാറ്റര്‍ കളിച്ചിട്ടുണ്ട്.
മുംബൈക്ക് വേണ്ടി മുമ്പ് കളിച്ച ഇടംകയ്യന്‍ സ്പിന്നര്‍ ഹര്‍മീത് സിങ്ങും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
മുംബൈയില്‍ ജനിച്ച താരം 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലും 2013 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും രഞ്ജിയില്‍ ത്രിപുരയ്ക്ക് വേണ്ടിയും കളിച്ചു. ന്യൂസിലാന്‍ഡ് താരം കോറി ആന്‍ഡേഴ്‌സനും ടീമില്‍ ഉണ്ടെന്നത് മറ്റൊരു വിശേഷമാണ്.