സൂപ്പര്‍ 8ലേക്ക് മാത്രമല്ലടാ... അടുത്ത ലോകകപ്പില്‍ ഇന്ത്യയിലേക്കും ഞങ്ങളുടെ മാസ് എന്‍ട്രി ഉണ്ട്; യു.എസ്.എ ക്രിക്കറ്റിന് ഇത് ചരിത്രനിമിഷം
DSport
സൂപ്പര്‍ 8ലേക്ക് മാത്രമല്ലടാ... അടുത്ത ലോകകപ്പില്‍ ഇന്ത്യയിലേക്കും ഞങ്ങളുടെ മാസ് എന്‍ട്രി ഉണ്ട്; യു.എസ്.എ ക്രിക്കറ്റിന് ഇത് ചരിത്രനിമിഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2024, 11:58 pm

2024 ടി-20 ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ യു.എസ്.എ സൂപ്പര്‍ എട്ടിന് യോഗ്യത നേടിയിരിക്കുകയാണ്. സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെ നടക്കാനിരുന്ന മത്സരമാണ് മഴ മൂലം ഉപേക്ഷിച്ചത്.

ഇതോടെ നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി അഞ്ച് പോയിന്റോടെയാണ് യു.എസ്.എ സൂപ്പര്‍ 8ന് യോഗ്യത നേടിയത്.

ഗ്രൂപ്പ് എ-യില്‍ നിന്നും സൂപ്പര്‍ എട്ടില്‍ പ്രവേശിക്കുന്ന രണ്ടാമത് ടീമാകാനും ഇതോടെ യു.എസ്.എക്കായി. ഒരു മത്സരം ശേഷിക്കെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യയാണ് സൂപ്പര്‍ 8ല്‍ പ്രവേശിച്ച ആദ്യ ടീം.

ഇതോടെ തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ സൂപ്പര്‍ 8ല്‍ പ്രവേശിക്കാനും ചരിത്രമെഴുതാനും യു.എസ്.എക്കായി.

ഇപ്പോള്‍ യു.എസ്.എ ക്രിക്കറ്റിനെ തേടി അടുത്ത സന്തോഷവാര്‍ത്തയുമെത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടം കടക്കുന്ന എട്ട് ടീമുകളില്‍ ഒരു ടീമായതോടെ ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന 2026 ടി-20 ലോകകപ്പിനുള്ള ഓട്ടോമാറ്റിക് ക്വാളിഫിക്കേഷനും യു.എസ്.എക്ക് ലഭിച്ചിരിക്കുകയാണ്.

ലോകകപ്പിന്റെ ആതിഥേയരായത് കൊണ്ട് മാത്രം ഐ.സി.സി ഇവന്റെ കളിക്കാനെത്തിയവരെന്ന പരിഹാസങ്ങളില്‍ നിന്നും തങ്ങളുടെ പ്രകടനം കൊണ്ട് ലോകകപ്പിന്റെ അടുത്ത എഡിഷനിലേക്ക് യോഗ്യത നേടിയാണ് ക്രിക്കറ്റ് യു.എസ്.എ ഇപ്പോള്‍ കയ്യടി നേടുന്നത്.

അതേസമയം, യു.എസ്.എ-അയര്‍ലന്‍ഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് പാകിസ്ഥാന്‍ ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്.

ഈ മത്സരത്തില്‍ അയര്‍ലന്‍ഡ് അമേരിക്കയെ തോല്‍പിക്കുകയും ജൂണ്‍ 16ന് നടക്കുന്ന അയര്‍ലന്‍ഡ് – പാകിസ്ഥാന്‍ മത്സരത്തില്‍ ബാബറും സംഘവും വിജയിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ സാധിക്കുമായിരുന്നു. എന്നാലിപ്പോള്‍ പാകിസ്ഥാന്റെ അവസാന സാധ്യതയും അടഞ്ഞിരിക്കുകയാണ്.

മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണ് നിലവില്‍ പാകിസ്ഥാനുള്ളത്.

ആദ്യ മത്സരത്തില്‍ ലോകകപ്പിലെ കന്നിക്കാരായ യു.എസ്.എക്കെതിരെ ഞെട്ടിക്കുന്ന പരാജയമാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. സൂപ്പര്‍ ഓവറിലായിരുന്നു ബാബറും സംഘവും പരാജയം സമ്മതിച്ചത്. ഇന്ത്യക്കെതിരെ നടന്ന രണ്ടാം മത്സരത്തിലാകട്ടെ വിജയമുറപ്പിച്ചതിന് പിന്നാലെയാണ് ടീം പരാജയത്തിലേക്ക് വഴുതി വീണത്.

കാനഡക്കെതിരായ മൂന്നാം മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന് ഇതുവരെ വിജയിക്കാന്‍ സാധിച്ചത്. ബാറ്റിങ് ദുഷ്‌കരമായ നാസൗ കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചില്‍ ഏറെ വിയര്‍ത്താണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

നിരവധി അട്ടമറികള്‍ കണ്ട ലോകകപ്പാണ് 2024ലേത്. പാകിസ്ഥാന് പുറമെ ശ്രീലങ്ക, ന്യൂസിലാന്‍ഡ് തുടങ്ങിയ വമ്പന്‍ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ 8 സാധ്യതയും ത്രിശങ്കുവിലാണ്.

ഇനി മുമ്പോട്ട് കുതിക്കാന്‍ സാധ്യതയില്ലെന്നിരിക്കെ അവസാന മത്സരത്തില്‍ വിജയിച്ച് മുഖം രക്ഷിക്കാനാകും പാകിസ്ഥാന്‍ ശ്രമിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതിരുന്ന അയര്‍ലന്‍ഡും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.

ജൂണ്‍ 16നാണ് പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ നേരിടുന്നത്. സെന്‍ട്രല്‍ ബ്രാവാര്‍ഡ് റീജ്യണല്‍ പാര്‍ക്കാണ് വേദി.

 

 

Content highlight: USA qualified for ICC T20 World Cup 2026