വാഷിംഗ്ടണ്‍: റഷ്യയ്‌ക്കെതിരെ കടുത്ത നിലപാടുകളുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയിലെ നിരവധി ഫെഡറല്‍ ഏജന്‍സികളെ ഹാക്ക് ചെയ്തതിനും കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടത്തിയ ഇടപെടലും കണക്കിലെടുത്താണ് റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. 10 റഷ്യന്‍ നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.
റഷ്യന്‍ സര്‍ക്കാരിന്റെ സൈബര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ആറ് കമ്പനികള്‍ക്കെതിരെയും അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. സോളാര്‍വിന്റ്‌സ് എന്ന പേരില്‍ അറിയപ്പെട്ട റഷ്യ നടത്തിയ ഹാക്കിങ്ങിനെതിരെയാണ് കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഹാക്കിങ്ങിന് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എസ്.വി.ആറുമായി ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ വാദം.
ഇതു കൂടാതെ വ്യക്തികളും സ്ഥാപനങ്ങളുമടക്കം 32 പേര്‍ക്കെതിരെയും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടപെടലുകള്‍ നടത്തിയതിനാണ് ഇവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ 13ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുടിനോട് ഉപരോധങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ജോ ബൈഡന്‍ പറഞ്ഞു. ഉപരോധം നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പ് വെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതിനേക്കാളും വലിയ നടപടികളിലേക്ക് പോകാമായിരുന്നെന്നും എന്നാല്‍ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതാണെന്നും പുടിനോട് പറഞ്ഞിരുന്നു. ആനുപാതികമായുള്ള നടപടികളേ ആവശ്യമുള്ളൂവെന്ന് തീരുമാനിക്കുകയായിരുന്നു. റഷ്യയുമായി എന്തെങ്കിലും സംഘര്‍ഷമുണ്ടാക്കാനല്ല യു.എസ് ശ്രമിക്കുന്നത്. സുസ്ഥിരമായ ഒരു ബന്ധം വേണമെന്ന് തന്നെയാണ് ആഗ്രഹം,’ ജോ ബൈഡന്‍ പറഞ്ഞു.
അമേരിക്കയുടെ നടപടി റഷ്യയെ ചൊടിപ്പിക്കുമെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക