വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്1ബി വിസക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തടഞ്ഞ് യു.എസ് കോടതി. അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ പൗരന്മാരെ ജോലിയില്‍ എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരുന്നു ട്രംപിന്റെ എച്ച്1ബി വിസ നിയന്ത്രണങ്ങള്‍. കുടിയേറ്റ നിരോധന നയത്തിന് പിന്നാലെയായിരുന്നു ഈ നിയന്ത്രണങ്ങളും നടപ്പില്‍ വരുത്താനിരുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ നിലവില്‍ വരാനിരുന്ന നിയന്ത്രണങ്ങളാണ് കോടതി തടഞ്ഞിരിക്കുന്നത്.
എച്ച്1ബി വിസയുള്ളവര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കണമെന്നും വിസ ലഭിക്കാന്‍ പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമായിരുന്നു ട്രംപ് ആവശ്യപ്പെട്ടിരുന്നത്. ഇതോടെ വിദേശ പൗരന്മാരെ കമ്പനികള്‍ ജോലിക്കെടുക്കുന്നതില്‍ കുറവ് വരുമെന്നും അതുവഴി അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.
നിയന്ത്രണങ്ങള്‍ക്കെതിരെ കുടിയേറ്റ സമൂഹങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും ഒരുപോലെ എതിര്‍പ്പുയര്‍ന്നിരുന്നു. തുടര്‍ന്ന് യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ അപേക്ഷയിലാണ് കോടതി വിധി വന്നിരിക്കുന്നത്.
എച്ച്1ബി വിസാ നിയന്ത്രണങ്ങള്‍ തടഞ്ഞ കോടതി നടപടി ഇന്ത്യന്‍ സമൂഹത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. അമേരിക്കയില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ സഹായകരമായിരിക്കുകയാണ് കോടതിയുടെ ഈ വിധി. നിലവില്‍ എച്ച്1ബി വിസയുള്ള ആറു ലക്ഷം പേരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക