| Sunday, 2nd June 2024, 1:00 pm

'ഭയമില്ലാതെ കളിക്കും' ഇന്ത്യക്കും പാകിസ്ഥാനും അമേരിക്കയുടെ മുന്നറിയിപ്പ്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യയുടെ പട്ടേല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി യു.എസ്.എ. ഗ്രാന്‍ഡ് പ്രേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേടിയ യു.എസ്.എ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അമേരിക്ക 17.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

അമേരിക്കയുടെ ആദ്യ വിജയത്തിന്റെ സന്തോഷം ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ പങ്കുവെച്ചു.

‘മത്സരത്തില്‍ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തു. റണ്‍സ് പിന്തുടരുന്ന സമയങ്ങളില്‍ ഞങ്ങളുടെ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ കാനഡ ഞങ്ങളെക്കാള്‍ മുന്നിലായിരുന്നു എന്നാല്‍ ജോണ്‍സ് അവിശ്വസനീയമായ രീതിയില്‍ ഞങ്ങള്‍ക്ക് വിജയം നല്‍കുകയായിരുന്നു.

അവന്‍ വളരെ കഴിവുള്ള താരമാണെന്ന് ഞങ്ങള്‍ക്ക് എപ്പോഴും അറിയാമായിരുന്നു. പക്ഷേ ഇന്നത്തെ മത്സരത്തില്‍ അവന്‍ ടീമിനെ മറ്റൊരു തലത്തിക്കാണ് കൊണ്ടുപോയത്,’ മത്സരശേഷം ഉള്ള വാര്‍ത്താസമ്മേളനത്തില്‍ മൊനാങ്ക് പട്ടേല്‍ പറഞ്ഞു.

വരാനിരിക്കുന്ന മത്സരങ്ങളില്‍ ആത്മവിശ്വാസവും അമേരിക്കന്‍ ക്യാപ്റ്റന്‍ പങ്കുവെച്ചു.

‘ഞങ്ങള്‍ ഇന്ന് ഭയമില്ലാതെയാണ് കളിച്ചത്, വരാനിരിക്കുന്ന മത്സരങ്ങളിലും അത് തുടരുക തന്നെ ചെയ്യും. അത് ഇന്ത്യ ആയാലും പാകിസ്ഥാനായാലും ഞങ്ങള്‍ കളിക്കുന്ന ക്രിക്കറ്റില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നതിനായി ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് കടന്നുവന്നത് കണ്ടപ്പോള്‍ എനിക്ക് വളരെയധികം സന്തോഷമാണ് ഉണ്ടായത്. വരാനിരിക്കുന്ന മത്സരങ്ങളിലും വലിയ രീതിയില്‍ ആരാധകരുടെ പിന്തുണ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ‘ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ആറിന് പാകിസ്ഥാനെതിരെയാണ് യു.എസ്.യുടെ അടുത്ത മത്സരം. ഗ്രാന്‍ഡ് പ്രേരി സ്റ്റേഡിയമാണ് വേദി.

Content Highlight: USA Captain share the Confidence of the first victory in T20 World Cup

We use cookies to give you the best possible experience. Learn more