ബംഗ്ലാദേശ്-യു.എസ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ യു.എസിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
പ്രയറി വ്യൂ ക്രിക്കറ്റ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അമേരിക്ക 19.3 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
തകര്‍പ്പന്‍ വിജയത്തോടെ ഒരു ചരിത്ര നേട്ടമാണ് അമേരിക്കന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഐ.സി.സി റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ള ഒരു ടീമിനെ യു.എസ്.എ പരാജയപ്പെടുത്തുന്നത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി തൗഹീദ് ഹൃദോയ് 47 പന്തില്‍ 58 റണ്‍സും മഹമ്മദുള്ള 22 പന്തില്‍ 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
അമേരിക്കയുടെ ബൗളിങ്ങില്‍ സ്റ്റീവന്‍ ടൈലര്‍ രണ്ട് വിക്കറ്റും സൗരഭ് നേത്രാവല്‍ക്കര്‍, ജസ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അമേരിക്കക്കായി കോറി ആന്‍ഡേഴ്‌സണ്‍ 25 പന്തില്‍ പുറത്താവാതെ 34 റണ്‍സും ഹര്‍മിത് സിങ് 13 പന്തില്‍ പുറത്താവാതെ 33 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോൾ അമേരിക്ക ചരിത്രവിജയം നേടുകയായിരുന്നു.
ബംഗ്ലാദേശ് ബൗളിങ്ങില്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റും റിഷാദ് ഹുസൈന്‍, ഷോരിഫുള്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മെയ് 23നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. പ്രയറി വ്യൂ ക്രിക്കറ്റ് കോംപ്ലക്‌സ് ആണ് വേദി.
Content Highlight: USA Beat Bangladesh in T20