| Tuesday, 18th May 2021, 7:03 pm

ഗ്വാണ്ടനാമോ ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുകാരനെ വിട്ടയക്കാന്‍ അമേരിക്ക; മോചിതനാകുന്നത് 16 വര്‍ഷമായി വിചാരണ നേരിടുന്ന പാകിസ്ഥാന്‍ പൗരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ കുപ്രസിദ്ധമായ ഗ്വാണ്ടനോമ ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുകാരനെ മോചിപ്പിക്കുന്നു. 73കാരനായ പാകിസ്ഥാനി പൗരന്‍ സയ്ഫുള്ള പരാച്ചയെയാണ് വിട്ടയക്കാന്‍ തീരുമാനമായിരിക്കുന്നതെന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ 2003ലാണ് അമേരിക്കന്‍ പൊലീസ് സയ്ഫുള്ളയെ അറസ്റ്റ് ചെയ്ത്. 16 വര്‍ഷമായി ജയിലില്‍ കഴിയുന്ന സയ്ഫുള്ളക്കെതിരെ ഇതുവരെയും കുറ്റങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല.

പാകിസ്ഥാനിലെ സമ്പന്നനായ വ്യവസായിയായ സയ്ഫുള്ളക്ക് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസും വസ്ത്ര വ്യാപാര ശൃഖലയുമുണ്ടായിരുന്നു. അമേരിക്കയിലും താമസിച്ചുവന്നിരുന്ന ഇയാള്‍ക്ക് ന്യൂയോര്‍ക്കിലും സ്വന്തമായി സ്ഥലങ്ങളുണ്ടായിരുന്നു.

2003ല്‍ തായ്‌ലന്റില്‍ വെച്ചാണ് സയ്ഫുള്ളയെ അമേരിക്ക അറസ്റ്റ് ചെയ്തത്. പിന്നീട് അഫ്ഗാനിസ്ഥാനിലെത്തിച്ച ഇയാളെ 2004ല്‍ ഗ്വാണ്ടനാമോയിലേക്ക് മാറ്റുകയായിരുന്നു. 9/11 ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന രണ്ട് പേരെ സാമ്പത്തിക ഇടപാട് നടത്തി സഹായിച്ചുവെന്നായിരുന്നു സയ്ഫുള്ളക്കെതിരെ അമേരിക്കന്‍ സേന ആരോപിച്ച കുറ്റം.

എന്നാല്‍ പറയപ്പെടുന്ന ആളുകള്‍ അക്രമത്തില്‍ പങ്കുള്ളവരാണെന്ന് അറിയില്ലായിരുന്നെന്നും തനിക്ക് ഭീകരവാദവുമായി ഒരു ബന്ധവുമില്ലെന്നാണ് സയ്ഫുള്ള അറിയിച്ചത്. ഇയാള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ലെങ്കിലും 2004 മുതല്‍ സയ്ഫുള്ളയെ തടവിലിടുകയായിരുന്നു.

മനുഷ്യത്വരഹിതവും അതിക്രൂരവുമായ പീഡനമുറകളും ചോദ്യം ചെയ്യല്‍ രീതികളും കൊണ്ടാണ് അമേരിക്കയിലെ ഗ്വാണ്ടനാമോ ജയില്‍ കുപ്രസിദ്ധി നേടുന്നത്. 9/11 ആക്രമണത്തിന് പിന്നാലെ നിരവധി പേരെ അമേരിക്ക ഈ ജയിലിടച്ചിരുന്നു.

ജയിലിലെ പീഡനമുറകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടണമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വര്‍ഷങ്ങളായി ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി അമേരിക്കയില്‍ നിന്നുതന്നെ ഗ്വാണ്ടനാമോക്കെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.

2003ല്‍ 700 തടവുകാരുണ്ടായിരുന്ന ഗ്വാണ്ടനാമോയില്‍ ഇപ്പോള്‍ 40 തടവുകാരാണുള്ളത്. തന്റെ കാലാവധി തീരും മുന്‍പ് ഗ്വാണ്ടനാമോ അടച്ചുപൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ പറഞ്ഞിരുന്നു.


Content Highlight: USA approves release of oldest Guantanamo prisoner

We use cookies to give you the best possible experience. Learn more