| Friday, 29th March 2024, 5:01 pm

അമേരിക്കയിറങ്ങുന്നു; രാജസ്ഥാന്‍ റോയല്‍സ് താരത്തിനൊപ്പം 2020ല്‍ വിരമിച്ച ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവും; യു.എസ്.എ ഒരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

കാനഡക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി-20 പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് യു.എസ്.എ. മുന്‍ ന്യൂസിലാന്‍ഡ് താരം കോറി ആന്‍ഡേഴ്‌സണടക്കമുള്ള വമ്പന്‍ നിരയുമായാണ് അമേരിക്ക കാനഡക്കെതിരെ ഇറങ്ങുന്നത്.

2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച കോറി ആന്‍ഡേഴ്‌സണ്‍ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ഭാഗമാകുന്നതിനായാണ് അമേരിക്കയിലെത്തിയത്. താരം ലോകകപ്പിലും അമേരിക്കന്‍ ടീമിന്റെ ഭാഗമായേക്കും.

കോറി ആന്‍ഡേഴ്‌സണ് പുറമെ മുന്‍ ഇന്ത്യന്‍ U19 താരങ്ങളായ ഹര്‍മീത് സിങ്ങും മിലിന്ദ് കുമാറും കാനഡക്കെതിരായ പരമ്പരയുടെ ഭാഗമാണ്.

അതേസമയം, ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ ഉന്‍മുക്ത് ചന്ദിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ അമേരിക്കയുടെ പ്രധാന താരമാണെന്ന് വിശേഷിപ്പിക്കപ്പെട്ട ഉന്‍മുക്ത് ചന്ദ് ടീമിന്റെ ഭാഗമല്ലാത്തത് അരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

ഗുജറാത്ത് വംശജന്‍ മോനാങ്ക് പട്ടേലാണ് പരമ്പരയില്‍ അമേരിക്കയെ നയിക്കുന്നത്. ആരോണ്‍ ജോണ്‍സാണ് പട്ടേലിന്റെ ഡെപ്യൂട്ടി.

മുന്‍ അണ്ടര്‍ 19 താരവും രാജസ്ഥാന്‍ റോയല്‍സ് താരവുമായ ഹര്‍മീത് സിങ്ങാണ് ടീമിനെ മറ്റൊരു പ്രധാന താരം. ദല്‍ഹിയില്‍ ജനിച്ച മിലിന്ദ് കുമാറും ഐ.പി.എല്ലിന്റെ ഭാഗമായിട്ടുണ്ട്. ഐ.പി.എല്‍ കരിയറില്‍ രണ്ട് ടീമുകള്‍ക്കായാണ് മിലിന്ദ് കളത്തിലിറങ്ങിയത്. ദല്‍ഹി ഡെയര്‍ ഡെവിള്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവിനും വേണ്ടിയാണ് താരം ഐ.പി.എല്ലില്‍ കളത്തിലിറങ്ങിയത്.

മുന്‍ കാനഡ നായകന്‍ നിതീഷ് കുമാറും അമേരിക്കന്‍ സ്‌ക്വാഡിന്റെ ഭാഗമാണ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ഒരിക്കല്‍ താന്‍ നയിച്ച ടീമിനെതിരെ അന്താരാഷ്ട്ര മത്സരത്തിനാണ് താരം ഇറങ്ങുന്നത്.

ഏപ്രില്‍ ഏഴിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. 13നാണ് അവസാന മത്സരം.

ഈ പരമ്പരക്ക് ശേഷം ഒരിക്കല്‍ക്കൂടി കാനഡയും അമേരിക്കയും ജൂണ്‍ രണ്ടിന് ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടും. ടി-20 ലോകകപ്പില്‍ ആതിഥേയരായി ഇടം നേടിയ അമേരിക്കയും അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയും തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ പുത്തന്‍ അധ്യായം രചിക്കാനാണ് ഒരുങ്ങുന്നത്.

ഗ്രൂപ്പ് എയിലാണ് ഇരു ടീമുകളും ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, അയര്‍ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

യു.എസ്.എ സ്‌ക്വാഡ്:

മോനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), ആരോണ്‍ ജോണ്‍സ് (വൈസ് ക്യാപ്റ്റന്‍), കോറി ആന്‍ഡേഴ്സണ്‍, ഗജാനന്ദ് സിങ്, ജെസ്സി സിങ്, സൗരഭ് നേത്രാവല്‍ക്കര്‍, നിസര്‍ഗ് പട്ടേല്‍, സ്റ്റീവന്‍ ടെയ്‌ലർ, ആന്‍ഡ്രീസ് ഗൗസ്, ഹര്‍മീത് സിങ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, നോസ്തുഷ് കെഞ്ചിഗെ, മിലിന്ദ് കുമാര്‍ നിതീഷ് കുമാര്‍, ഉസ്മാന്‍ റഫീഖ്

Content Highlight: USA announced T20 squad against Canada

We use cookies to give you the best possible experience. Learn more