വാഷിംഗ്ടണ്‍: രാജ്യം വിട്ട മുന്‍ ഇന്റലിജന്‍സ് മേധാവിയുടെ മക്കളെ ജയിലലടച്ച്, കുടാംബങ്ങള്‍ പോലുമറിയാതെ അവസാന വിധി പുറപ്പെടുവിച്ച സൗദി അറേബ്യയുടെ നടപടിയ്‌ക്കെതിരെ യു.എസും കാനഡയും. സൗദിയുടെ സ്‌പൈ മാസ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന സാദ് അല്‍-ജാബ്രിയുടെ മക്കളായ ഒമറിനെയും സാറയെയുമാണ് സൗദി ജയിലടച്ചിരിക്കുന്നത്.
തടവില്‍ കഴിയുന്ന ഇവര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ സൗദി കോടതി ശരിവെച്ചുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിധിയെ കുറിച്ചോ കോടതി നടപടികളെ കുറിച്ചോ തങ്ങള്‍ അറിഞ്ഞിട്ടേയില്ലെന്ന് ജാബ്രിയുടെ കുടുംബവും അറിയിച്ചു.
സൗദി കോടതി വിധിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സൗദി ഭരണകൂടത്തിനും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അമേരിക്കയും കാനഡയും രംഗത്തെത്തിയത്.
അല്‍-ജാബ്രിയുടെ മക്കളുടെ തടവും അവര്‍ക്കെതിരെ പുറപ്പെടുവിച്ചിരിക്കുന്ന വിധിയും ഏറെ ആശങ്കാജനകമാണ്. കുറ്റാരോപിതരായ വ്യക്തികളുടെ കുടുംബാംഗങ്ങള്‍ക്കെതിരെയുണ്ടാകുന്ന നീതിരഹിതമായ നടപടികളെ ശക്തമായ ഭാഷയില്‍ അപലിപിക്കുന്നുവെന്ന് യു.എസ് പ്രതികരിച്ചു.
മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥരുമായി തങ്ങള്‍ക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ ഇടപെടുമെന്നും യു.എസ് അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ പ്രസതാവനയില്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് നിരവധി അമേരിക്കന്‍/സൗദി പൗരന്മാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ വിലപ്പെട്ട സംഭാവന നല്‍കിയയാളാണ് അല്‍ ജാബ്രിയെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.
ജാബ്രിയുടെ മക്കളുടെ തടവില്‍ വലിയ ആശങ്കയാണ് കാനഡ പ്രകടിപ്പിച്ചത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് കാനഡയ്ക്കുള്ള ആശങ്കകള്‍ സൗദി അറേബ്യയെ പരസ്യമായും സ്വകാര്യ സംഭാഷണത്തിലും പല തവണ അറിയിച്ചിട്ടുള്ളതാണെന്നും കനേഡിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചു.
സാദ് അല്‍-ജാബ്രിയുടെ മക്കളായ സാറയെയും ഒമറിനെയും കഴിഞ്ഞ വര്‍ഷമാണ് സൗദി ജയിലടച്ചത്. കള്ളക്കടത്ത്, നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. സൗദിയില്‍ നിന്നും പലായനം ചെയ്ത് കാനഡയില്‍ കഴിയുന്ന അല്‍ – ജാബ്രിയെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് മക്കളെ തടവിലിടുന്നതെന്നാണ് ജാബ്രിയുടെ കുടുംബത്തിന്റെ പ്രതികരണം.
കാനഡയിലുള്ള തന്നെ കൊലപ്പെടുത്താനായി സല്‍മാന്‍ രാജകുമാരന്‍ ഒരു സംഘത്തെ അയച്ചുവെന്ന് അല്‍ – ജാബ്രി നേരത്തെ യു.എസ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ജാബ്രി അഴിമതി നടത്തിയെന്നാരോപിച്ച് സൗദിയും കാനഡ കോടതിയില്‍ പരാതി നല്‍കിയിരുന്നു.
ജാബ്രിയെ വിട്ടുകിട്ടണമെന്നായിരുന്നു സൗദിയുടെ ആവശ്യം.
ഇപ്പോള്‍ ജാബ്രി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സല്‍മാന്‍ രാജകുമാരന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച രേഖകളിലാണ് ഒമറിനും സാറയ്ക്കുമെതിരെയുള്ള കുറ്റങ്ങള്‍ ശരി വെച്ചതായുള്ള രേഖകളുള്ളത്. 2020 നവംബര്‍ 20ന് ഒമറും സാറയും കോടതിയില്‍ ഹരജി നല്‍കിയിരുന്നെന്നും അതിലുള്ള കോടതി വിധിയാണിതെന്നും രേഖകളില്‍ പറയുന്നു.
ഇരുവര്‍ക്കുമെതിരെ ഒമ്പതു വര്‍ഷവും ആറര വര്‍ഷവും തടവും 400,000 ഡോളര്‍ പിഴയും വിധിച്ചതായും ഈ രേഖകളില്‍ പറയുന്നു. ഡിസംബര്‍ 24നാണ് ഈ കോടതി വിധി വന്നിരിക്കുന്നത്.
എന്നാല്‍ കോടതി വിധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഹരജിയിലെ നടപടിക്രമങ്ങളെ കുറിച്ചോ അവസാന വിധിയെ കുറിച്ചോ തങ്ങള്‍ക്ക് ഒരു അറിവുമില്ലെന്നാണ് ജാബ്രിയുടെ കുടുംബവും അഭിഭാഷകരും പ്രതികരിച്ചത്. അത്തരമൊരു ഹരജി ക്രമങ്ങള്‍ നടന്നിട്ടില്ലെന്നും സല്‍മാന്‍ രാജകുമാരന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്നും ജാബ്രിയുടെ മൂത്ത മകനായ ഖാലിദ് പറഞ്ഞു.
അല്‍ ജാബ്രി നിലവില്‍ കാനഡയില്‍ വന്‍ സുരക്ഷാ സന്നാഹത്തിന്റെ കാവലിലാണ് കഴിയുന്നത്. യു.എസ് ഇന്റലിജന്‍സ് വിഭാഗവുമായുള്ള തനിക്കുള്ള അടുപ്പവും സല്‍മാന്‍ രാജകുമാരന്റെ പ്രവര്‍ത്തനങ്ങളെ പറ്റി തനിക്കുള്ള അറിവുമാണ് സല്‍മാന്‍ രാജകുമാരനെ ഭയപ്പെടുത്തുന്നതെന്നാണ് അല്‍ ജാബ്രി പറയുന്നത്.
മുന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ നായേഫുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനായിരുന്നു അല്‍ – ജാബ്രി. 2017ല്‍ നായേഫിനെ പുറത്താക്കി സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി സ്ഥാനമേറ്റതിന് പിന്നാലെ 2018ല്‍ അല്‍ – ജാബ്രി സൗദി വിടുകയും കാനഡയിലെത്തുകയും ചെയ്തു.
നായേഫുമായുള്ള അടുപ്പവും സൗദിയുടെ ഇന്റലിജന്‍സ് പദ്ധതികളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ് സല്‍മാന്‍ രാജകുമാരന്‍ അല്‍- ജാബ്രിയ്‌ക്കെതിരെ കടുത്ത നടപടികളുമായി നീങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സല്‍മാന്‍ രാജകുമാരനെതിരെ പരസ്യമായി രംഗത്തെത്തിയ അല്‍ ജാബ്രിയ്‌ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സൗദിയുടെ തീരുമാനമെന്ന സൂചനകളാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. എന്നാല്‍, നിലവില്‍ സല്‍മാന്‍ രാജകുമാരനും, അല്‍ ജാബ്രിയും പരസ്പരം നല്‍കിയിട്ടുള്ള കേസുകള്‍ കാനഡിയിലെയും യു.എസിലെയും കോടതികളുടെ പരിഗണനിയിലാണ്. അല്‍ ജാബ്രിയുടെ മക്കളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സല്‍മാന്‍ രാജകുമാരന് ഗുണകരമാകില്ലെന്നാണ് വിലയിരുത്തലുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക