| Sunday, 20th June 2021, 8:33 am

ഇറാനിയന്‍ ജനതയുടെ അവകാശങ്ങള്‍ നിഷേധിച്ചു; പ്രസിഡന്റ് തെരഞ്ഞെടുപ്പിനെതിരെ അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇറാന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടപടികളില്‍ വിമര്‍ശനമുയര്‍ത്തി യു.എസ്. ഇറാനില്‍ നടന്നത് സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പല്ലെന്ന് യു.എസ് പറഞ്ഞു.

ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് യു.എസ്. വക്താവ് വിമര്‍ശനുവുമായി രംഗത്തെത്തിയത്. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ഒരു വോട്ടെടുപ്പ് പ്രക്രിയയിലൂടെ തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കാനുള്ള ഇറാനിയന്‍ ജനതയുടെ അവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് വക്താവ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സി തെരഞ്ഞെടുക്കപ്പെട്ടത്. 1.78 ലക്ഷം വോട്ടുകള്‍ നേടിയാണ് ഇബ്രാഹിം റെയ്സി ഇറാന്റെ അധികാരത്തിലേറിയത്.

ഇറാന്‍ പ്രസിഡന്റായിരുന്ന ഹസന്‍ റുഹാനി പക്ഷക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇബ്രാഹിം റെയ്സി വിജയിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് ഇബ്രാഹിം റെയ്‌സി.

എതിര്‍ സ്ഥാനാര്‍ത്ഥിയും മിതവാദിയുമായ നേതാവിനെ ഖമേനി അയോഗ്യനാക്കിയതോടെ റെയ്സിയുടെ വിജയം അനായാസമായി. ഖമേനിയുടെ നേതൃത്വത്തിലുള്ള 12 അംഗ രക്ഷാകര്‍തൃ സഭയാണ് മിതവാദി നേതാവിനെ അയോഗ്യനാക്കിയത്. ഇദ്ദേഹമടക്കം പരിഷ്‌കരണവാദികളും യാഥാസ്ഥിതികരുമടക്കം നൂറുകണക്കിന് സ്ഥാനാര്‍ത്ഥികളെ പാനല്‍ വിലക്കിയിരുന്നു.

അതേസമയം, രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് അമേരിക്ക റെയ്‌സിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധം ഇപ്പോഴും തുടരുകയാണ്.

ഇപ്പോള്‍ ഇറാന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെതിരെ വിമര്‍ശനമുയര്‍ത്തി അമേരിക്ക രംഗത്തുവന്നിരിക്കുകയാണ്. എന്നാല്‍ ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Iranians Denied “Free And Fair” Election: US As Iran Elects New President

We use cookies to give you the best possible experience. Learn more