ദമാസ്ക്കസ്: സിറിയയിലെ ആലെപ്പോ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ഇസ്രാഈൽ വ്യോമാക്രമണത്തിൽ ആശങ്കയറിയിച്ച് ഇസ്രാഈൽ.
വ്യോമാക്രമണത്തിന് ശേഷം സിറിയയിലെ ഭൂകമ്പ ദുരന്തബാധിത പ്രദേശങ്ങൾക്കുള്ള സഹായ വിതരണം നിന്നുപോകുമോ എന്ന കാര്യത്തിലാണ് അമേരിക്ക ആശങ്കയറിയിച്ചത്.
ആലെപ്പോ വിമാനത്താവളം അക്രമിക്കപ്പെട്ടതിനെത്തുടർന്ന് സഹായ വിതരണവുമായി എത്തിയ വിമാനങ്ങൾ ദമാസ്ക്കസിലേക്കോ ലാത്തക്കീയയിലേക്കോ (Latakia) വഴി തിരിച്ചു വിടാൻ സിറിയയുടെ ഗതാഗത മന്ത്രാലയം ഉത്തരവിട്ടതായി യു.എൻ ബുധനാഴ്ച അറിയിച്ചിരുന്നു.
വ്യോമാക്രമണത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ തനിക്ക് വിമാനത്താവള അധികൃതരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ അമേരിക്കൻ സർക്കാരിന് വ്യോമാക്രമണം മുഖേന സിറിയയിലേക്ക് എത്തുന്ന സഹായ വിതരണത്തിൽ കുറവ് വരുമോയെന്ന് ആശങ്കയുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവായ നെഡ് പ്രൈസ് പ്രസ്താവിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കൂടാതെ ആലെപ്പോ വിമാനത്താവളം അടച്ചു പൂട്ടുന്നത് സിറിയയിൽ ഭൂകമ്പം ഏറ്റവും വ്യാപകമായ രീതിയിൽ ബാധിച്ചതും ജനസാന്ദ്രത നിറഞ്ഞതുമായ ആലെപ്പോ പ്രവിശ്യയിലേക്കുള്ള സഹായ വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യു.എൻ വക്താവായ ഫർഹാൻ ഹഖ് പ്രസ്താവിച്ചതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.
യു.എൻ.ഹ്യുമാനിറ്റേറിയൻ എയർ സർവീസസ് (UNHAS) റദ്ധ് ചെയ്ത വിമാനങ്ങളെയും ദുരിതാശ്വാസ പ്രവർത്തകരെയും ഉടൻ പുനസ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആലെപ്പോ വിമാനത്താവളത്തിലെ അക്രമണം നടത്തിയത് ഇസ്രഈലാണെന്നുള്ള വാർത്തകളെ ഇസ്രഈൽ സൈന്യം നിഷേധിച്ചിട്ടുണ്ട്.
2011ലെ സിറിയൻ ആഭ്യന്തര യുദ്ധത്തിന് ശേഷം സിറിയയിൽ ഇറാന്റെ സ്വാധീനം വർധിക്കുന്നു എന്നാരോപിച്ച് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ എന്ന് ഇസ്രഈൽ വിലയിരുത്തുന്ന ടാർഗറ്റുകളിൽ വർഷങ്ങളായി സൈന്യം അക്രമങ്ങൾ നടത്തുന്നുണ്ട്.
വിവിധ സിറിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി ആറിന് നടന്ന ഭൂചലനത്തിന് ശേഷം യു.എ.ഇ, ഇറാൻ, സൗദി അറേബ്യ, അൾജീരിയ മുതലായ രാജ്യങ്ങളിൽ നിന്നും വലിയ സഹായം സിറിയയിലേക്കെത്തിയിരുന്നു.
ഫെബ്രുവരി 19ന് ദമാസ്ക്കസിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇസ്രഈൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ മരിക്കുകയും പതിനഞ്ചിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Content Highlights:US worry about pause in Syria aid delivery after Aleppo airport attack