ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്… ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സമ്മാനിക്കാനാണ് ഇറ്റലിയിലെ ടിയാട്രോ അല സ്‌കാല ഒപ്പേറ ഹൗസില്‍ ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റീനോ നില്‍ക്കുന്നത്. ഏറ്റവും മികച്ച താരത്തിനുള്ള ട്രോഫി രണ്ടു കൈകള്‍ക്കൊണ്ടും അയാള്‍ മുറുകെപ്പിടിച്ചിട്ടുണ്ടാവണം. പ്രായത്തിന്റെ കാര്യമായ പ്രശ്‌നങ്ങളൊന്നും ആ 49-കാരനെ അലട്ടുന്നില്ലെങ്കിലും അയാളുടെ കൈകള്‍ വിറച്ചിട്ടുണ്ടാവാം.
കാരണം, മാസങ്ങള്‍ക്കു മുന്‍പു നടന്നതിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതെന്ന് ഫുട്‌ബോള്‍ ലോകത്തിന്റെ പരമാധികാരിക്ക് അറിയാമായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഇതേ ഫുട്‌ബോളറുടെ കൈകളിലേക്ക് ഒരു ലോകകപ്പ് നല്‍കുമ്പോള്‍, മുക്കാല്‍ ലക്ഷത്തോളം വരുന്ന കാണികളാണ് ഒറ്റക്കെട്ടായി തനിക്കു നേരെ കൂവിവിളിച്ചതെന്ന് അയാള്‍ ഓര്‍ക്കുന്നു.
ആ കൂവലിന്റെ ഇരമ്പം ഇപ്പോഴും ചെവികളില്‍ മുഴങ്ങുന്നുണ്ടാവും. ആ ഭയത്തിന് പേരൊന്നേയുള്ളൂ, മേഗന്‍ റാപിനോ… അവളുടെ കൈകള്‍ക്കുള്ളതായിരുന്നു ഇന്‍ഫന്റീനോ പിടിച്ചിരിക്കുന്ന ലോക ഫുട്‌ബോളര്‍ പട്ടം.
ഫിഫ പ്രസിഡന്റിനെതിരെ ഒരേ സ്വരത്തില്‍ അന്ന് ആ കാണികള്‍ കൂവിവിളിച്ചതിനു കാരണമുണ്ട്. കീഴ്‌വഴക്കം പോലെ എല്ലാ തൊഴിലിടങ്ങളും കൊണ്ടുനടക്കുന്ന പ്രതിഫലത്തിലെ ലിംഗവിവേചനം.
നിര്‍മ്മാണത്തൊഴിലാണെങ്കിലും അന്താരാഷ്ട്ര ഫുട്‌ബോളാണെങ്കിലും പുരുഷ വേതനത്തേക്കാള്‍ കുറച്ചുമതി സ്ത്രീകള്‍ക്കെന്നുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള രീതിക്കെതിരെയാണ് അവര്‍ ശബ്ദമുയര്‍ത്തിയത്. അത് സ്വയമുണ്ടാക്കിയ തിരിച്ചറിവില്‍ നിന്നായിരുന്നില്ല. അതിനു പിന്നില്‍ ഒരു പോരാട്ടം കൂടിയുണ്ട്.
ഫിഫയുടെ ഈ പുരസ്‌കാരം ഇരുകൈയും നീട്ടി സ്വീകരിച്ച ശേഷം മേഗന്‍ റാപിനോ എന്ന 34-കാരി നടന്നുകയറിയതു കോടതിയുടെ ചവിട്ടുപടികളായിരുന്നു. വലിയൊരു പോരാട്ടത്തിനു തിരികൊളുത്തിയിട്ടാണവര്‍ ചിരിച്ച മുഖത്തോടെ ലോകകപ്പ് ഫൈനല്‍ കളിക്കാനിറങ്ങിയതും മാസങ്ങള്‍ക്കു ശേഷം ലോക ഫുട്‌ബോളര്‍ പട്ടം സ്വീകരിക്കാന്‍ ഒപ്പേറ ഹൗസിലെത്തിയതും.
എക്കാലത്തും പുരുഷ ടീമിനു വേതനം തങ്ങളേക്കാള്‍ കൂടുതല്‍ നല്‍കുന്ന അമേരിക്കന്‍ സോക്കര്‍ ഫെഡറേഷനെ മേഗനും അമേരിക്കന്‍ വനിതാ ടീമും കോടതി കയറ്റിയിരുന്നു. അതു വെറുതെയായില്ല. കോടതി തുല്യതക്കൊപ്പം നിന്നു. ഇന്ന് വേതനത്തിന്റെ കാര്യത്തില്‍ അമേരിക്കയില്‍ വനിതാ, പുരുഷ ടീം എന്നിങ്ങനെ വേര്‍തിരിച്ചു പറയേണ്ടതില്ല. അമേരിക്കന്‍ ഫുട്‌ബോള്‍ ടീം. അതുമതി.
തുല്യവേതനമെന്ന ആവശ്യത്തില്‍ മേഗനും സംഘവുമുയര്‍ത്തിയ പോരാട്ടം വിജയം കണ്ടത് അമേരിക്കന്‍ മാധ്യമങ്ങള്‍ പോലും എത്രകണ്ട് ചര്‍ച്ച ചെയ്തു എന്നുറപ്പില്ല. പക്ഷേ, ഇന്ത്യയില്‍ അപ്പോഴും ചര്‍ച്ച മെസ്സിയോ ക്രിസ്റ്റ്യാനോയോ മികച്ച താരം എന്നതായിരുന്നു.
ഈ ഒരൊറ്റക്കാര്യത്തിന്റെ പേരില്‍ നിങ്ങള്‍ മേഗന്‍ റാപിനോ എന്ന പേര് ചര്‍ച്ച ചെയ്യേണ്ടതില്ല. അവരെക്കുറിച്ച് ഇനിയും കുറച്ചറിയുക.
ആദ്യം പറഞ്ഞതിലേക്കു തിരിച്ചുവരാം. അങ്ങനെ ഇന്‍ഫന്റീനോയില്‍ നിന്ന് നിറഞ്ഞ ചിരിയോടെ നീലയും വയലറ്റും കലര്‍ന്ന മുടികളുള്ള ആ സ്ത്രീ പുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുന്നു. ഒപ്പം ലയണല്‍ മെസ്സിയും (പുരുഷ വിഭാഗം ആണെങ്കിലും അവരെ അങ്ങനെ പറയാറില്ലല്ലോ).
സ്വാഭാവികമായും മെസ്സിയിലേക്ക് ക്യാമറാക്കണ്ണുകള്‍ പോകേണ്ടുന്ന നിമിഷങ്ങള്‍. പക്ഷേ സംസാരം തുടങ്ങി വെറും അഞ്ചുമിനിറ്റിനുള്ളില്‍ മേഗന്‍ റാപിനോയെന്ന അമേരിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആ സദസ്സിനെയും ക്യാമറയില്‍ക്കൂടി ലോകത്തെയും ഒറ്റ പോയിന്റിലേക്കു കൊണ്ടുവന്നുകഴിഞ്ഞിരുന്നു.
അവരുടെ സംസാരത്തില്‍ നിറഞ്ഞുനിന്നത് പരിശീലകരോടും കാണികളോടും സഹതാരങ്ങളോടുമുള്ള പതിവ് ക്ലീഷേ നന്ദി പ്രകടനങ്ങളായിരുന്നില്ല. അതില്‍ ഇടംപിടിച്ച വിഷയങ്ങളും വ്യക്തികളും മറ്റു ചിലതായിരുന്നു.
ഫുട്‌ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തി പിടികൂടപ്പെടുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത ഇറാന്‍ ആരാധിക സഹര്‍ ഖൊദയാരിയെ ഓര്‍മിച്ചുകൊണ്ട്, വംശീയതയ്‌ക്കെതിരെ നിലപാടുകളെടുത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് ഫുട്‌ബോളര്‍ റഹീം സ്റ്റെര്‍ലിങ്, നാപ്പോളിയുടെ സെനഗല്‍ താരം കാലിഡോ കൗലിബാലി എന്നിവരുടെ പോരാട്ടങ്ങളിലൂടെയായിരുന്നു മേഗന്‍ തുടങ്ങിയത്.
നിറത്തിന്റെ പേരില്‍ എപ്പോഴും ഗ്രൗണ്ടില്‍ പരിഹാസം ഏല്‍ക്കേണ്ടി വന്നിട്ടും അവര്‍ക്കെതിരെ തീക്ഷ്ണമായ മറുപടികള്‍ നല്‍കിയാണ് റഹീം കളിക്കളത്തില്‍ നില്‍ക്കുന്നത്. കൗലിബാലിയെയാകട്ടെ, കാണികള്‍ കുരങ്ങനെന്നു വിളിച്ചാണ് എല്ലായ്‌പ്പോഴും സ്വീകരിക്കാറുള്ളത്. ഇവരാണു തന്റെ പ്രചോദനമെന്നായിരുന്നു മേഗന്‍ തന്റെ പ്രസംഗത്തിലുടനീളം ആവര്‍ത്തിച്ചുപറഞ്ഞത്.
ഫുട്‌ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് എസ്റ്റെഖ്‌ലാല്‍ ഓഫ് ടെഹ്‌റാന്റെ ആരാധിക സഹര്‍ ഖൊദയാരി പിടികൂടപ്പെട്ടത്. ജയിലിടയ്ക്കുമോ എന്ന ഭയത്താല്‍ ഖൊദയാരി കോടതിമുറ്റത്തുവെച്ച് തീകൊളുത്തി മരിച്ചത്. അവരെയോര്‍ത്തു നിരാശ തോന്നുന്നു എന്നായിരുന്നു മേഗന്‍ പറഞ്ഞത്.
ഹോമോഫോബിയക്കെതിരെ കൂടി നിലപാടെടുത്താണ് മേഗന്‍ ആ വേദി വിട്ടിറങ്ങിയത്. തങ്ങള്‍ ഏറെ സ്‌നേഹിക്കുന്ന കളി തുടരാനായി ദിവസവും പോരാടേണ്ടിവരുന്ന കോളിന്‍ മാര്‍ട്ടിന്‍ അടക്കമുള്ള താരങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട്, ഹോമോഫോബിയക്കെതിരെ എല്ലാവരും രംഗത്തുവരണമെന്ന് മേഗന്‍ ആഹ്വാനം ചെയ്തു.
ഒപ്പം ഫിഫ പ്രസിഡന്റിനെ അടുത്തുനിര്‍ത്തി ശ്രദ്ധേയമായ ഒരു നിരീക്ഷണവും അവര്‍ നടത്തി. ‘പുരുഷതാരങ്ങള്‍ക്കു മാത്രം പുരസ്‌കാരം നല്‍കിക്കൊണ്ടിരുന്ന ഒരു വേദിയില്‍, വനിതാ താരങ്ങള്‍ക്കു കൂടി പുരസ്‌കാരം നല്‍കാനുള്ള തീരുമാനം ഒരു മാറ്റമാണ്’ എന്നായിരുന്നു അത്.
പക്ഷേ, മെസ്സിയില്‍നിന്നും ക്രിസ്റ്റ്യാനോയില്‍നിന്നും നെയ്മറില്‍ നിന്നുമൊക്കെ മേഗന്‍ റാപിനോ എന്ന വനിതാ ഫുട്‌ബോളറിലേക്കു ലോകത്തിന്റെ ശ്രദ്ധ വികസിച്ചതിനു പിന്നില്‍ ഇതൊന്നുമായിരുന്നില്ല കാരണം, അല്ലെങ്കില്‍ തുടക്കം എന്നുപറയാം.
കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിനിടെയാണ് അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിനെ അത്താഴവിരുന്നിന് വൈറ്റ്ഹൗസിലേക്കു വിളിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചത്. പക്ഷേ അതു വേണ്ടിയിരുന്നില്ലെന്ന് അധികം വൈകാതെതന്നെ അയാള്‍ക്കു തോന്നിക്കാണണം.
അമേരിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായ മേഗന്‍ റാപിനോയുടെ മറുപടി ഒരൊറ്റ വാചകത്തിലായിരുന്നു- ”I am not going to the fucking white house.”
ട്രംപ് ഭരണകൂടത്തിന്റെ എല്‍.ജി.ബി.ടി.ക്യു.ഐ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഒറ്റവരിയില്‍ മറുപടി. ആദ്യം നന്നായി കളിക്കൂ, എന്നിട്ടാകാം വാചകമടി എന്നായി ട്രംപ്. അതും അബദ്ധമായി എന്നു മനസ്സിലാകാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
ഫുട്‌ബോള്‍ ലോകകിരീടം അമേരിക്കയ്ക്ക്. ഫൈനലില്‍ ആ വിജയം ആഘോഷിക്കാന്‍ മേഗന്‍ തെരഞ്ഞെടുത്ത വഴിയില്‍ ഒരു രാഷ്ട്രീയ മറുപടി കൂടിയുണ്ടായിരുന്നു. ഫൈനലിലെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ഗാലറിയിലേക്ക് ഓടിയെത്തിയ മേഗന്‍, അവിടെ കാത്തിരുന്ന തന്റെ പങ്കാളിയും അമേരിക്കന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ താരവുമായ സ്യൂ ബേര്‍ഡിനെ ചേര്‍ത്തുപിടിച്ചു ചുംബിച്ചാണ് ട്രംപിനുള്ള മറുപടിയുടെ ആക്കം കൂട്ടിയത്.
അവിടം കൊണ്ടു തീര്‍ന്നില്ല. നന്നായി കളിക്കാന്‍ പറഞ്ഞ ട്രംപിനു മുന്നിലേക്ക്, ലോകകപ്പിനു പുറമേ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും ഫിഫ ലോക ഫുട്‌ബോളറും ഇപ്പോഴിതാ ബാലണ്‍ ദ്യോറും കൊണ്ടുവന്നിരിക്കുകയാണ് ഈ സ്ത്രീ. എത്ര മധുരമായ പ്രതികാരമാണിത്. എത്ര പേരുടെ പ്രതിനിധിയാണിവര്‍.
എക്കാലത്തും വര്‍ണവിവേചനത്തിനും വംശീയതയ്ക്കും ലിംഗവിവേചനത്തിനും സ്വവര്‍ഗവിരുദ്ധതയ്ക്കുമെതിരെ നിലപാടെടുത്താണ് മേഗന്‍ നില്‍ക്കുന്നത്. അതിനു തന്റെ കരിയര്‍ പോലും നോക്കില്ലെന്ന് മേഗന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്.
അമേരിക്കയിലെ വര്‍ണ വിവേചനവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമവും നേരില്‍ക്കാണുന്നതുകൊണ്ടാവാം, ഇനിമുതല്‍ തങ്ങളുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് ദേശീയഗാനം പാടില്ലെന്ന് മേഗന്‍ ശഠിച്ചു. ദേശീയത ഒരഭിമാനപ്രശ്‌നമായി കൊണ്ടുനടക്കുന്ന രാഷ്ട്രങ്ങള്‍ക്ക് അതു സ്വീകാര്യമായിരുന്നില്ല. അവര്‍ പ്രതിഷേധിച്ചു, സ്റ്റേഡിയത്തില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ മുട്ടുകുത്തിനിന്ന്.
ഇനി ആത്മാര്‍ഥമായി ദേശീയഗാനം ചൊല്ലാന്‍ തനിക്കു കഴിയുമോ എന്നു സംശയമാണെന്ന് അവരന്നു പറഞ്ഞത്, ഒരു ദേശീയതാരത്തിന്റെ കരിയര്‍ വരെ ഇല്ലാതാക്കാന്‍ കഴിയുന്നതായിരുന്നു. പക്ഷേ ഉറച്ച നിലപാടുകളായിരുന്നു മേഗന്റേത്. അതെവിടെയും വിളിച്ചുപറയാന്‍ അവര്‍ മടി കാണിച്ചില്ല.
ഇക്കുറി ബാലണ്‍ദ്യോര്‍ പ്രഖ്യാപിക്കുമ്പോള്‍ മേഗന്‍ അവിടെയുണ്ടായിരുന്നില്ല. അവരവിടെ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും പ്രേക്ഷകരുള്ള ഒരു കായികയിനത്തിന്റെ പരമോന്നത പുരസ്‌കാരം സമ്മാനിക്കുന്ന വേദി മറ്റെന്തിനൊക്കെയോ സാക്ഷിയാകേണ്ടിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മേഗന്‍ പറഞ്ഞുനിര്‍ത്തിയ വാക്കുകളില്‍ നമുക്കും തത്കാലം നിര്‍ത്താം. ”ലോകത്തിലെ മറ്റേതൊരു കായികയിനത്തേക്കാളും മികച്ച അവസരങ്ങള്‍ ഫുട്‌ബോളിലുണ്ട്. പ്രൊഫഷണല്‍ താരങ്ങളെന്ന നിലയില്‍ നാം സാമ്പത്തികമായി വിജയിച്ചവരാണ്. നിരവധി അവസരങ്ങളാണു നമുക്കു മുന്നിലുള്ളത്. ഈ നേട്ടങ്ങള്‍ മറ്റുവള്ളരുമായി പങ്കുവെയ്ക്കാന്‍ കൂടി നമ്മള്‍ തയ്യാറാകണം. മനോഹരമായ ഈ കളികൊണ്ട് നമുക്കു ചുറ്റുമുള്ള ലോകത്തെ മനോഹരമാക്കാന്‍ നമുക്കു കഴിയും.”
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ