| Monday, 29th April 2024, 9:05 pm

നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്; തടയാനുള്ള നീക്കവുമായി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗസയിലെ ആക്രമണങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് തടയാന്‍ അമേരിക്ക ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അറസ്റ്റ് തടയാന്‍ അമേരിക്കക്ക് മേല്‍ നെതന്യാഹു സമ്മര്‍ദം ചെലുത്തുന്നതായി ഇസ്രഈല്‍ മാധ്യമമായ വാല റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസുമായി നെതന്യാഹു നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അറസ്റ്റ് വാറണ്ട് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും നെതന്യാഹു ഭയത്തിലാണെന്നും ഇസ്രഈലി പത്രമായ മാരിവ് റിപ്പോര്‍ട്ട് ചെയ്തു. അധികം വൈകാതെ തന്നെ ഐ.സി.സി അറസ്റ്റ് വാറണ്ട് അയക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നെതന്യാഹുവിന് പുറമേ ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ട് ലഭിച്ചേക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ അവകാശത്തെ തുരങ്കം വെക്കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ശ്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് നെതന്യാഹു ഏപ്രില്‍ 26ന് പറഞ്ഞിരുന്നു. വാറണ്ട് വെറും കള്ളത്തരമാണെന്നും രാജ്യം വിടാന്‍ തയ്യാറാകില്ലെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായാണ് യു.എസ് വിതരണം ചെയ്യുന്ന ആയുധങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഇസ്രഈലിന്റെ ഭാഗത്ത് നിന്ന് വിശ്വസിനീയമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് യു.എ.സിലെ ഒരു ഉദ്യോഗസ്ഥന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് റിപ്പോര്‍ട്ട് നല്‍കിയെന്നൊണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചല്ല ഇസ്രഈല്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ മെയ് എട്ടിനകം വിശ്വസിനീയമായ ഉറപ്പ് നല്‍കണമെന്നും ബ്ലിങ്കന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: US working to prevent ICC arrest warrant for Netanyahu: Reports

Latest Stories

We use cookies to give you the best possible experience. Learn more