| Sunday, 10th May 2015, 11:24 am

ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ഒരേയാളല്ലെന്ന് ഡി.എന്‍.എ ഫലം: യു.എസില്‍ പിതൃതര്‍ക്കക്കേസില്‍ അപൂര്‍വ്വ വിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസില്‍ പിറന്ന ഇരട്ട സഹോദരിമാരുടെ പിതാവ് ഒരേയാളല്ലെന്ന് ഡി.എന്‍.എ ഫലം. ഇരട്ടക്കുട്ടികളുടെ സംരക്ഷണച്ചിലവ് ആവശ്യപ്പെട്ട് കാമുകനെതിരെ യുവതി നല്‍കിയ പരാതിയാണ് അമ്പരപ്പിക്കുന്ന കണ്ടത്തലിലേക്കു നയിച്ചത്.

കോടതി രേഖകളില്‍ “ടിഎം” എന്നു രേഖപ്പെടുത്തിയ ന്യൂ ജേഴ്‌സി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. 2013 ജനുവരിയില്‍ താന്‍ ജന്മം നല്‍കിയ ഇരട്ട പെണ്‍കുട്ടികളുടെ പിതാവ് കാമുകനാണെന്നും അയാള്‍ കുട്ടികളുടെ സംരക്ഷണച്ചിലവ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി രംഗത്തെത്തിയത്. പബ്ലിക് അസിസ്റ്റന്‍സ് ഇന്‍ പാസിക് കണ്‍ട്രിയിലാണ് യുവതി പരാതി നല്‍കിയത്.

തുടര്‍ന്ന് ബോര്‍ഡ് നടത്തിയ തെളിവെടുപ്പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുവതി മറ്റൊരാളുമായി ബന്ധപ്പെട്ടതായി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിട്ടത്.

പരിശോധനയില്‍ കുട്ടികളില്‍ ഒരാളുടെ പിതാവ് കാമുകനാണെന്നും മറ്റേ കുട്ടിയുടെ ഡി.എന്‍.എ വ്യത്യസ്തമാണെന്നും കണ്ടെത്തുകയായിരുന്നു.

ബീജത്തിന് അഞ്ചുദിവസം വരെ ആയുസ്സുണ്ടെന്നും സ്ത്രീയ്ക്ക് ഒരു അണ്ഡത്തില്‍കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് ഗൈനക്കോളജിസ്റ്റാണ് ജെന്നിഫറാണ് വു വിശദീകരിക്കുന്നത്. അതായത് സ്ത്രീയ്ക്ക് ഒരേസമയം രണ്ടുവട്ടം ഗര്‍ഭിണിയാവാന്‍ സാധിക്കും. രണ്ട് ഗര്‍ഭവും വ്യത്യസ്തരായ പുരുഷന്മാരില്‍ നിന്നാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുകയെന്നും അവര്‍ വിശദീകരിക്കുന്നു.

ഐ.വി.എഫ് പോലുള്ള വന്ധ്യതാ ചികിത്സകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ അപൂര്‍വ്വതയ്ക്കു സാധ്യത കൂടുതലാണെന്നും അവര്‍ വിശദീകരിക്കുന്നു.

ഏതായാലും ഡി.എന്‍.എ പരിശോധന റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി കാമുകന്‍ അയാളുടെ കുട്ടിയുടെ സംരക്ഷണച്ചിലവ് മാത്രം വഹിച്ചാല്‍ മതിയെന്നു വിധിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more