World News
അഫ്ഗാനിസ്ഥാന് പിന്നാലെ ഇറാഖിലും സേനയെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 27, 11:19 am
Tuesday, 27th July 2021, 4:49 pm

വാഷിംഗ്ടണ്‍: ഇറാഖില്‍ നിന്നും സേനയെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക. നീണ്ട പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍-ഖദീമിയും ഒപ്പുവെച്ചത്.

ഈ വര്‍ഷം അവസാനത്തോടെ സെന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുമെന്ന് ബൈഡന്‍ അറിയിച്ചു. ഐ.എസ്. ഭീകരരെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സൈന്യത്തെ ഇറാഖില്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു അമേരിക്കയുടെ നിലപാട്.

2003 ലാണ് അമേരിക്കന്‍ സൈന്യം ഇറാഖിലെത്തിയത്. നിലവില്‍ 2500 ലധികം സൈനികരാണ് ഇറാഖിലുള്ളത്.

നേരത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്നും ബൈഡന്‍ ഭരണകൂടം അറിയിച്ചിരുന്നു. സെപ്റ്റംബര്‍ പതിനൊന്നോടെ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുമെന്നാണ് ബൈഡന്‍ ഭരണകൂടം പറഞ്ഞത്.

പിന്‍മാറലിന് മുന്നോടിയായി കാബൂളില്‍ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അഫ്ഗാനിസ്ഥാനിലെ നേതാക്കള്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി ജോ ബൈഡനുമായി ഫോണിലൂടെ സംസാരിച്ചിരുന്നു.

പിന്‍മാറ്റം സുഗമമാക്കുമെന്നും പിന്‍മാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അഷ്റഫ് ഗാനി പറഞ്ഞിരുന്നു.

അഫ്ഗാനിസ്ഥിലെ സൈന്യത്തിന്റെ സാന്നിധ്യം നിരന്തരമായി നീട്ടിക്കൊണ്ട് പോകാനാവില്ലെന്നും അഫ്ഗാന്‍ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും നയതന്ത്രപരമായി പിന്തുണയ്ക്കുമെന്നും ബൈഡനും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: US Withdraws Army From Iraq