വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നതിന് മുമ്പായി തന്നെ കുടിയേറ്റ നയത്തില്‍ നിലപാട് കടുപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. അയല്‍ രാജ്യങ്ങളായ കാനഡയും മെക്‌സിക്കോയും അവരുടെ അതിര്‍ത്തി വഴി യു.എസിലേക്കുള്ള കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള ഇറക്കുമതി നികുതി നികുതി വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇരു രാജ്യങ്ങളുടേയും നേതാക്കളുമായി ട്രംപ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയോ ഷെയ്ന്‍ബോം ആ ആവശ്യം നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ അതിര്‍ത്തികള്‍ അടക്കില്ലെന്നും സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് ക്ലോഡിയ പ്രതികരിച്ചത്. എന്നാല്‍ ട്രംപുമായി കുടിയേറ്റ നയങ്ങള്‍ സംസാരിച്ച കാര്യം ക്ലോഡിയ അംഗീകരിച്ചിട്ടുണ്ട്. വടക്കന്‍ അതിര്‍ത്തി വഴിയുള്ള കുടിയേറ്റക്കാരെ മെക്‌സിക്കോ തടഞ്ഞതായും ഇക്കാര്യം ട്രംപിനെ അറിയിച്ചെന്നും അവര്‍ പറഞ്ഞു.
സുരക്ഷയും സഹകരണവും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ലഹരി നിയന്ത്രണക്കുറിച്ചുമെല്ലാം ചര്‍ച്ച നടന്നതായും ക്ലോഡിയ സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ അമേരിക്കയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ ആശങ്കയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ രക്തത്തില്‍ കലര്‍ന്ന വിഷം ആണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവരെ നാടുകടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ അയല്‍രാജ്യമായ കാനഡ അതിര്ത്തിയിലെ പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്. യു.എസില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ കാനഡയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അതിര്‍ത്തിയില്‍ പട്രോളിങ് ശക്തമാക്കാന്‍ കാനഡ തീരുമാനിച്ചിരിക്കുന്നത്.
അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന് പുറമെ അമേരിക്കയില്‍ പുതുതായി ചുമതലയേല്‍ക്കുന്ന ട്രംപ് ഭരണകൂടവും കാനഡയും തമ്മില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രിമാരുടെ ഒരു സംഘത്തെയും കാനഡ നിയോഗിച്ചിട്ടുണ്ട്.
2017 മുതല്‍ 2021 വരെയുള്ള ട്രംപിന്റെ ആദ്യ ഭരണത്തില്‍ ഹെയ്തി വംശജര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ യു.എസില്‍ നിന്ന് കാനഡയിലേക്ക് പലായനം ചെയ്തിരുന്നു.
Content Highlight: US will increase import taxes if Canada and Mexico will not control immigration in border, says Trump