|

ഉക്രൈനുള്ള സൈനിക സഹായം അമേരിക്ക തുടരും; സ്ഥിരീകരിച്ച് പോളിഷ് വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാര്‍സോ: റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഉക്രൈന് നല്‍കിവരുന്ന സൈനിക സഹായങ്ങള്‍ യു.എസ് തുടരുമെന്ന് സ്ഥിരീകരിച്ച് പോളിഷ് വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സിക്കോര്‍സ്‌കി. പോളണ്ട് വഴി ഉക്രൈനിലേക്കുള്ള ആയുധ വിതരണം പുനരാരംഭിക്കാന്‍ അമേരിക്ക സമ്മതിച്ചതായി പോളിഷ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഇന്നലെ (ചൊവ്വാഴ്ച) സൗദി അറേബ്യയിലെ ജിദ്ദയില്‍വെച്ച് ഉക്രൈന്‍, യു.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന എട്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക്‌ ശേഷമാണ് ഉക്രൈനുമായുള്ള സൈനിക-ഇന്റലിജന്‍സ് സഹായം പുനഃസ്ഥാപിക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

പോളണ്ടിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ജാസിയോങ്കയിലെ വിമാനത്താവളം വഴിയാണ് ഉക്രൈനുള്ള സഹായം എത്തിക്കുക. മുമ്പും യൂറോപ്യന്‍ രാജ്യങ്ങളും യു.എസും ഇതേവഴി തന്നെയായിരുന്നു സഹായം എത്തിച്ചത്. യു.എസും യൂറോപ്യന്‍ യൂണിയനുമാണ് ഉക്രൈന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നത്.

ഉക്രൈന്റെ പുതിയ നിര്‍ദേശങ്ങളില്‍ പോളണ്ട് തൃപ്തരാണെന്ന് വാര്‍സോയില്‍വെച്ച് സിക്കോര്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു. ജിദ്ദയില്‍ നിന്ന് ഉക്രൈനിലേക്കുള്ള മടക്കയാത്രയില്‍ വാര്‍സോ സന്ദര്‍ശിച്ച ഉക്രൈന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയ്ക്കൊപ്പമാണ് സിക്കോര്‍സ്‌കി മാധ്യമങ്ങളെ കണ്ടത്. 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള യു.എസ് നിര്‍ദേശത്തെ ഉക്രൈന്‍ അംഗീകരിച്ചതായി ആന്‍ഡ്രി സിബിഹ ആവര്‍ത്തിച്ചു.

കഴിഞ്ഞയാഴ്ച, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രൈനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന പരസ്യ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് ഉക്രൈനുള്ള സൈനിക സഹായം നിര്‍ത്താന്‍ യു.എസ് തീരുമാനിച്ചത്. എന്നാല്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ റഷ്യയുമായുള്ള 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള അമേരിക്കയുടെ നിര്‍ദേശത്തെ ഉക്രൈന്‍ അംഗീകരിച്ചതോടെയാണ് ഉപരോധം നീക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറായത്.

നിലവിലെ സാഹചര്യമനുസരിച്ച് വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ പുടിന്‍ തയ്യാറാണോയെന്ന് വ്യക്തമല്ല. അതിനാല്‍ വെള്ളിയാഴ്ചയോടെ ട്രംപ് പുടിനുമായി ചര്‍ച്ച നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജിദ്ദയില്‍ യു.എസ്-ഉക്രൈന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നതിനിടെ മോസ്‌കോയില്‍ വ്യാപകമായ ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉക്രൈന്‍ മോസ്‌കോയില്‍ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പുറമെ ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ തലസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ ചെറിയ തടസം നേരിട്ടതായും റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: US will continue military assistance to Ukraine; Polish foreign Minister confirms