വിദേശ നിക്ഷേപം: ഇന്ത്യന്‍ നിലപാടിനെ അമേരിക്ക സ്വാഗതം ചെയ്തു
World
വിദേശ നിക്ഷേപം: ഇന്ത്യന്‍ നിലപാടിനെ അമേരിക്ക സ്വാഗതം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th December 2012, 12:45 am

വാഷിങ്ടണ്‍: ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തെ പാര്‍ലമെന്റിലെ ഇരു സഭകളും അംഗീകരിച്ചതിനെ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ത്യയുടെ ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ഊഷ്മളമാവുമെന്നും അമേരിക്ക പറയുന്നു.[]

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് മാര്‍ക് ടോണര്‍ അറിയിച്ചു. ചില്ലറ മേഖലയില്‍ നേരിട്ട് വിദേശ നിക്ഷേപം നടക്കുന്നതോടെ ചൈനയിലേത് പോലെ ഇന്ത്യന്‍ മാര്‍ക്കറ്റും വികസിക്കുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്താന്‍ നിരവധി അമേരിക്കന്‍ കമ്പനികള്‍ തയ്യാറാണെന്നും മാര്‍ക് ടോണര്‍ പറഞ്ഞു. വിദേശനിക്ഷേപത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ചില്ലറ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് ലോകസഭയിലും രാജ്യസഭയിലും അംഗീകാരം ലഭിച്ചിരുന്നു. രാജ്യസഭയിലെ വോട്ടെടുപ്പില്‍ നിന്ന് മുലായം സിങ്ങിന്റെ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തതോടെ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ വിചാരിച്ചത് പോലെ നടക്കുകയായിരുന്നു.

വിദേശ നിക്ഷേപത്തിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തിന് എതിരായി 123 പേര്‍ വോട്ട് രേഖപ്പെടുത്തി. വെറും 109 വോട്ടുകള്‍ മാത്രമാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്.
കഴിഞ്ഞ ദിവസം പ്രമേയം ലോകസഭയിലും പാസ്സാക്കിയിരുന്നു. ലോകസഭയില്‍ വോട്ടിനിട്ട പ്രമേയം 253 വോട്ട് നേടി സര്‍ക്കാര്‍ പരാജയപ്പെടുത്തുകയായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും തന്നെയായിരുന്നു ഇന്നലേയും സര്‍ക്കാരിനെ തുണച്ചത്.