ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഇന്ത്യന്‍ നീക്കം തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞതിനു പിന്നാലെ പാക്കിസ്ഥാനു മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. യു.എസ് കശ്മീരിലെ പുരോഗതികള്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അതിലേറ്റവും പ്രധാനമായി നോക്കുന്നത് കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള തീരുമാനമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് പറഞ്ഞു.
‘കശ്മീരിലെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യു.എസ് വളരെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്. കശ്മീര്‍ നീക്കത്തിന്റെ പരിണിതഫലമായി മേഖലയില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.’- അദ്ദേഹം പറഞ്ഞു.
ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ സാധ്യതകള്‍ അവസാനിപ്പിക്കാനും ആശങ്കകള്‍ കുറയ്ക്കാനും എല്ലാ രാജ്യങ്ങളുമായും ചര്‍ച്ച നടത്തണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു.
കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ആശങ്കാജനകമാണെന്ന് സെനേറ്റര്‍ റോബര്‍ട്ട് മെനന്‍ഡെസും എം.പി എലിയറ്റ് എംഗലും പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
‘തിരിച്ചടിക്കാനുള്ള എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ പാക്കിസ്ഥാന്‍ അതില്‍ നിന്നു പിന്മാറണം. നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റങ്ങള്‍ക്കു നല്‍കുന്ന പിന്തുണ ഒഴിവാക്കണം. പാക് മണ്ണില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം.’- അവര്‍ പറഞ്ഞു.
കശ്മീരിലെ ഇന്ത്യന്‍ നീക്കത്തിനു പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയയെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. കൂടാതെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കാനും ഇമ്രാന്‍ തീരുമാനിച്ചു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു.
‘എന്തുകൊണ്ടാണ് ഇന്ത്യന്‍ അംബാസഡര്‍ ഇവിടെയുള്ളത്? എന്തുകൊണ്ടാണ് നമ്മള്‍ നയതന്ത്ര ബന്ധം വിച്ഛേദിക്കാത്തത്. ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു നയതന്ത്രവും നടക്കാത്തപ്പോള്‍ നമ്മുടെ അംബാസഡര്‍ എന്താണ് ഇന്ത്യയില്‍ ചെയ്യുന്നത്’ ഫവാദ് ചൗധരി ചോദിച്ചിരുന്നു.
ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അജയ് ബിസാരിയ നല്ലൊരു വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹം ഫാസിസ്റ്റ് ഭരണ വ്യവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഫവാദ് പ്രതികരിച്ചു.
കശ്മീരിനെ മറ്റൊരു പലസ്തീനാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.