| Thursday, 12th July 2018, 10:24 am

വീണ്ടും അമേരിക്കയുടെ ഉപരോധഭീഷണി: ഇത്തവണ ഭീഷണി റഷ്യന്‍ പദ്ധതിയില്‍ അംഗമായ സ്ഥാപനങ്ങള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസ്സല്‍സ്: ജര്‍മ്മനിയിലേക്കുള്ള റഷ്യയുടെ നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈനില്‍ നിക്ഷേപകരായ പാശ്ചാത്യ കമ്പനികള്‍ക്ക് അമേരിക്കയുടെ ഉപരോധ ഭീഷണി. പദ്ധതിയോടു സഹകരിക്കുന്നവരോട് ഉടന്‍ തന്നെ പിന്‍വാങ്ങാന്‍ നേരത്തെയും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പില്‍ വരുത്തുന്നതു വഴി യൂറോപ്പില്‍ വിഭജനമുണ്ടാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നാണ് അമേരിക്കയുടെ പക്ഷം.

“റഷ്യന്‍ ഊര്‍ജ എക്‌സ്‌പോര്‍ട്ട് പൈപ്പ്‌ലൈനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉപരോധഭീഷണിയിലാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്.” അമേരിക്കന്‍ സ്‌റ്റേറ്റ് വിഭാഗം വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

“യൂറോപ്യന്‍ രാജ്യങ്ങളുടെ ഊര്‍ജസുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന നടപടിയാണ് പൈപ്പ്‌ലൈന്‍. ഉക്രൈനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമേല്‍പ്പിക്കാനുള്ള ആയുധമായിരിക്കും റഷ്യയ്ക്കിത്. യൂറോപ്പിനെ ഭിന്നിപ്പിക്കാനുള്ള ശേഷി പദ്ധതിക്കുണ്ടെന്ന് റഷ്യയ്ക്കറിയാം. അവരത് സ്വന്തം നേട്ടത്തിനായാണ് ഉപയോഗപ്പെടുത്തുന്നതും.” അമേരിക്ക അഭിപ്രായപ്പെട്ടു.


Also Read: അഭിമന്യു വധം; രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി പൊലീസ് പിടിയില്‍


റഷ്യയുടെ “ബന്ദി”യായി മാറിയിരിക്കുകയാണ് ജര്‍മനിയെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ജര്‍മനിയിലേക്കുള്ള നോര്‍ഡ് സ്ട്രീം പൈപ്പ്‌ലൈനിന്റെ ശേഷി ഇരട്ടിയാക്കാനുള്ള നീക്കത്തെ പിന്തുണച്ച നടപടിയെയും ട്രംപ് വിമര്‍ശിച്ചിരുന്നു. പരമ്പരാഗതമായി പിന്തുടരുന്ന ഉക്രൈന്‍ വഴിയുള്ള മാര്‍ഗ്ഗത്തിനു പകരം ബാള്‍ട്ടിക് കടല്‍ വഴിയാണ് പൈപ്പ്‌ലൈന്‍ പോകുന്നത്.

We use cookies to give you the best possible experience. Learn more