വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരന്തരം ഭീഷണി ഉയര്‍ത്തുന്ന ഉത്തരകൊറിയയുമായി ബന്ധമുള്ള എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു.
പ്രകോപനങ്ങള്‍ക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക നീക്കങ്ങള്‍ക്ക് പുറമെ ഉത്തര കൊറിയയുമായി ഇടപാടുകളുള്ള രാജ്യങ്ങളുമായുള്ള എല്ലാ തരത്തിലുമുള്ള വാണിജ്യ ബന്ധവും അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
അതേസമയം അമേരിക്കയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്നു പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസും പ്രതികരിച്ചു.
ഗുവാം അടക്കമുള്ള അമേരിക്കയുടെ ഏതെങ്കിലും പ്രദേശത്തോ അല്ലെങ്കില്‍ ജപ്പാനും ദക്ഷിണ കൊറിയയും അടങ്ങുന്ന പങ്കാളികള്‍ക്ക് നേരെയോ ഉള്ള ഏത് തരത്തിലുള്ള ഭീഷണിയെയും ശക്തമായ സൈനിക നടപടിയിലൂടെ
പ്രതിരോധിക്കുമെന്നാണ് മാറ്റിസ് പറഞ്ഞത്. അമേരിക്കയുടെ പ്രതികരണം ഉത്തരകൊറിയക്ക് തടുക്കാന്‍ കഴിയാത്തതും കടുത്തതുമായിരിക്കുമെന്നും മാറ്റിസ് മുന്നറിയിപ്പ് നല്‍കി.
Dont Miss: കണ്ണൂര്‍ അമ്പാടിമുക്കില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജെയിംസ് മാറ്റിസ് സൈനിക നടപടിക്ക് മടിക്കില്ലെന്ന് വ്യക്തമാക്കിയത്.