വാഷിങ്ടണ്‍: 2007ല്‍ അന്താരാഷ്ട്ര കരാര്‍ പ്രകാരം അടച്ചുപൂട്ടിയ ആണവനിലയം ഉത്തരകൊറിയ വീണ്ടും തുറന്നതിനെതിരെ യു.എസിന്റെ മുന്നറിയിപ്പ്. രാജ്യാന്തരനിയമം ലംഘിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് കൊറിയയുടെ ഉദ്ദേശ്യമെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. യോങ്‌ബ്യോണിലുള്ള തങ്ങളുടെ ആണവ റിയാക്ടര്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായ വാര്‍ത്ത കൊറിയ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
“പ്രദേശത്തെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദിത്തപരമായ പ്രകോപനങ്ങള്‍ ഉത്തരകൊറിയ അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. പ്രദേശത്തെ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്ന ഈ നടപടികള്‍ രാജ്യാന്തര ഉടമ്പടികള്‍ക്ക് വിരുദ്ധമാണ്” കെറി പറഞ്ഞു. തങ്ങള്‍ ഉത്തരകൊറിയയെ ഒരു ജനാധിപത്യരാഷ്ട്രമായി കരുതുന്നില്ലെന്നും ഇറാനെപ്പോലെ ഒരു ആണവശക്തിയായാണ് കൊറിയയെയും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയ മറ്റു രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുകയുമാണ്.
ചൈനയുമായും റഷ്യയുമായും തങ്ങളിക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായും കെറി വ്യക്തമാക്കി. ഈ രാജ്യങ്ങളെല്ലാം തന്നെ ഉത്തര കൊറിയയെ ആണവമുക്തമാക്കാനുദ്ദേശിക്കുന്നതായും കെറി അവകാശപ്പെട്ടു. കൊറിയയുടെ ഈ പുതിയ നടപടികള്‍ തങ്ങള്‍ക്കെതിരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിക്കാനുള്ള തയ്യാറെടുപ്പാണെന്നാണ് യു.എസ് ആരോപിക്കുന്നത്.
ഇപ്പോള്‍ ഉത്തരകൊറിയ തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന ആണവനിലയം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുകയാണെങ്കില്‍ വര്‍ഷം 6 കിലോയോളം പ്ലൂട്ടോണിയം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത് അണുബോംബ് നിര്‍മ്മിക്കാന്‍ പര്യാപ്തമാണ്.