യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ആയിരുന്നു വിഷയത്തില്‍ പ്രതികരിച്ചത്. റഷ്യ ഇന്നൊരു ഒറ്റപ്പെട്ട രാജ്യമാണെന്നും പുടിനെ സ്വാഗതം ചെയ്തതോടെ റഷ്യക്ക് മേലുള്ള ആശ്രയത്വം എന്ന അപകടത്തിലേക്ക് ഇറാന്‍ കടന്നിരിക്കുകയാണെന്നുമാണ് നെഡ് പ്രൈസ് പറഞ്ഞത്.
നേരത്തെ റഷ്യയുമായി ദീര്‍ഘകാല സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ച് ഇറാന്റെ സമുന്നത നേതാവ് ആയത്തൊള്ള അലി ഖമനയി പ്രതികരിച്ചിരുന്നു. ഇത് ഉക്രൈന്‍- റഷ്യ വിഷയത്തില്‍ ഇറാന്‍ സ്വീകരിച്ചിരുന്ന നിക്ഷ്പക്ഷ നിലപാടിന് വിരുദ്ധമാണെന്നും ഉക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തെ ഇറാന്‍ ന്യായീകരിക്കുകയാണെന്നും യു.എസ് ആരോപിച്ചു.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ തന്നെയായിരുന്നു പുടിന്റെ ത്രിദിന ഇറാന്‍ സന്ദര്‍ശനം. ഇത് രാഷ്ട്രീയപരമായും നയതന്ത്രപരമായും ചര്‍ച്ചയായിരുന്നു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും ഇറാനിലെത്തിയിരുന്നു.
യു.എസിന്റ ഇറാന്‍ വിരുദ്ധ, റഷ്യാ വിരുദ്ധ കമന്റുകള്‍ക്കും നിലപാടുകള്‍ക്കും പിന്നാലെയായിരുന്നു ഇറാന്റെയും റഷ്യയുടെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്.
യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ജോ ബൈഡന്റെ ആദ്യ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനമായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചത്. ഇതിന്റെ ഭാഗമായി ഇസ്രഈല്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി യായ്ര്‍ ലാപിഡുമായി ചേര്‍ന്ന് ഇറാന്‍ വിരുദ്ധ ആണവ പ്രസ്താവനയില്‍ ബൈഡന്‍ ഒപ്പുവെച്ചിരുന്നു.
ലാപിഡുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു ഇറാന്റെ ആണവകരാറിനും പദ്ധതികള്‍ക്കും എതിരായ പ്രസ്താവനയില്‍ ഇരു നേതാക്കളും സംയുക്തമായി ഒപ്പുവെച്ചത്.
പിന്നാലെ സൗദി സന്ദര്‍ശിച്ച സമയത്ത്, ‘ചൈനക്കോ റഷ്യക്കോ ഇറാനോ നികത്താന്‍ പാകത്തില്‍, അവര്‍ക്ക് വഴിയൊരുക്കിക്കൊണ്ട് യു.എസ് മിഡില്‍ ഈസ്റ്റില്‍ ഒരു ശൂന്യത അവശേഷിപ്പിക്കില്ല, മിഡില്‍ ഈസ്റ്റില്‍ നിന്നും ഒരിക്കലും പിന്മാറില്ല,” എന്നും ബൈഡന്‍ പറഞ്ഞിരുന്നു.
ഉക്രൈനില്‍ ആക്രമണം നടത്താന്‍, റഷ്യക്ക് ഡ്രോണുകള്‍ നല്‍കി സഹായിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെന്നും നേരത്തെ യു.എസ് ആരോപിച്ചിരുന്നു.
പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രതികരണം പുറത്തുവന്നിരുന്നു. യു.എസിന് ഇറാനോഫോബിയയാണെന്നും അതുപയോഗിച്ച് മിഡില്‍ ഈസ്റ്റില്‍ ഉടനീളം സംഘര്‍ഷങ്ങളും പ്രശ്നങ്ങളുമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസെര്‍ കനാനി പറഞ്ഞത്.
”അണുബോംബ് വര്‍ഷിച്ച ആദ്യത്തെ രാജ്യം അമേരിക്കയാണ്, യു.എസ് മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളില്‍ നിരന്തരം ഇടപെടുകയും സായുധ ആക്രമണങ്ങള്‍ ആരംഭിക്കുകയും മിഡില്‍ ഈസ്റ്റ് മേഖലയിലുടനീളം വന്‍തോതില്‍ ആയുധങ്ങള്‍ വിറ്റഴിക്കുകയും ചെയ്തു. ഫലസ്തീനില്‍ തുടര്‍ച്ചയായി അധിനിവേശം നടത്തുന്നതിലും, ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലി ഭരണകൂടം ദിവസേന നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കുമുള്ള പ്രധാന സഹായം ലഭിക്കുന്നത് യു.എസില്‍ നിന്നാണ്, എന്നായിരുന്നു ഇറാന്‍ വക്താവ് പ്രതികരിച്ചത്.
Content Highlight: US warns Iran, says it risks becoming dependent on Russia after hosting Vladimir Putin