വാഷിങ്ടണ്‍: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തലാക്കണമെന്ന് അമേരിക്ക. ഇറാനെതിരെയുള്ള ഉപരോധം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി നവംബര്‍ നാലു മുതല്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് പൂജ്യത്തിലെത്തിക്കണമെന്നാണ് അമേരിക്ക ഇന്ത്യയോടും, മറ്റു ഉപഭോക്താക്കളോടും ആവശ്യപ്പെടുന്നത്. മുന്‍പ് ഉണ്ടായിരുന്നപോലെ ഒരു തരത്തിലുള്ള ഇളവും ഇത്തവണ ഈ വിഷയത്തില്‍ ഇന്ത്യയ്ക്ക് നല്‍കില്ലെന്നും നിലപാട് കടുപ്പിച്ച് അമേരിക്ക അറിയിച്ചു.
ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളെയും ആവശ്യം അറിയിച്ചിട്ടുണ്ടന്നും, അമേരിക്കന്‍ പ്രതിനിധി സംഘം വരുന്നയാഴ്ചകളില്‍ ഇന്ത്യയും ചൈനയും സന്ദര്‍ശിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഉപരോധം കൊണ്ടുവരാനുള്ള നിര്‍ദ്ദേശം മറ്റെല്ലാവരെയും പോലെ ഇന്ത്യയ്ക്കും ചൈനയ്ക്കും ബാധകമാണെന്ന് അമേരിക്ക പറയുന്നു. “ഇറാനില്‍ നിന്നുമുള്ള ഇറക്കുമതി കുറച്ചു കൊണ്ടുവന്നേ തീരൂ. എല്ലാ ഉഭയകക്ഷി യോഗങ്ങളിലും ഇതേ ആവശ്യമാണ് മുന്നോട്ടു വച്ചു കൊണ്ടിരിക്കുന്നത്. നവംബര്‍ ആകുമ്പോഴേക്കും ഇറക്കുമതി തീര്‍ത്തും നിര്‍ത്താനാകണം.” സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തി ഇല്ലായ്മ ചെയ്യാനാണ് അമേരിക്കയുടെ നീക്കം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-യു.എസ്. നയതന്ത്രചര്‍ച്ചയിലെ പ്രധാന വിഷയം ഇതായിരിക്കാനാണ് സാധ്യത. സ്‌റ്റേറ്റ് സെക്രട്ടറിയുമായും പ്രതിരോധ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്താനായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്.
Also Read: അമിഷ് ഷായ്‌ക്കൊപ്പം വേദി പങ്കിടാനില്ല; ബി.ജെ.പിയുടെ ക്ഷണം നിരസിച്ച് കൊല്‍ക്കത്തയിലെ പ്രമുഖര്‍
ഇറാനില്‍ നിന്നുമുള്ള ഇറക്കുമതി തുടര്‍ന്നാല്‍ അമേരിക്ക ഏര്‍പ്പെടുത്തുന്ന സെക്കന്ററി ഉപരോധത്തിനായിരിക്കും മൂന്നാം ലോകരാഷ്ട്രങ്ങള്‍ വിധേയരാവുക. അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും പുറന്തള്ളപ്പെടുക എന്ന അവസ്ഥ വികസ്വര രാജ്യങ്ങള്‍ക്ക് താങ്ങാനാകുന്ന ഒന്നല്ല.
ഐക്യരാഷ്ട്ര സംഘടന ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളില്‍ മാത്രമേ പങ്കുചേരുകയുള്ളൂവെന്ന് സുഷമാ സ്വരാജ് മുന്‍പ് സൂചിപ്പിച്ചിരുന്നു. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനു ശേഷമായിരുന്നു, രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളില്‍ ഇന്ത്യ പങ്കാളികളാവില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്.
Also Read: അമ്മയില്‍ കൂട്ടരാജി; കുറ്റാരോപിതനെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല
180 ദിവസങ്ങള്‍ക്കിടെ നടക്കുന്ന അവലോകനത്തില്‍ ഇറക്കുമതിയില്‍ കാര്യമായ കുറവുവരുത്തിയിട്ടുണ്ടെന്നു കണ്ടാല്‍ ഉപഭോക്തൃരാജ്യങ്ങള്‍ക്ക് ഇളവു നല്‍കുന്ന രീതി ഒബാമയുടെ കാലത്ത് നിലവിലുണ്ടായിരുന്നു. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ചൈനയ്ക്കു തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
അമേരിക്കയുടെ കടുത്ത നിലപാടു പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില വര്‍ധിച്ചിട്ടുണ്ട്.