യു.എന്നില്‍ ഫലസ്തീന് അംഗത്വം നല്‍കുന്നതിനായുള്ള രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക
World News
യു.എന്നില്‍ ഫലസ്തീന് അംഗത്വം നല്‍കുന്നതിനായുള്ള രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th April 2024, 8:17 am

ഹേഗ്: ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനായി യു.എന്‍ രക്ഷാ സമിതി അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. ഫലസ്തീന് യു.എന്നില്‍ അംഗത്വം നല്‍കുന്ന പ്രമേയത്തിന് 12 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു.

റഷ്യ, ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇക്വഡോര്‍, അള്‍ജീരിയ, മാള്‍ട്ട, സ്ലോവേനിയ, സിയറ ലിയോണ്‍, മൊസാംബിക്, ഗയാന എന്നീ രാജ്യങ്ങളാണ് രക്ഷാ സമിതിയുടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ബ്രിട്ടനും സ്വിറ്റ്‌സര്‍ലന്‍ഡും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതിനുപിന്നാലെയാണ് അമേരിക്ക പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിക്കുന്നത്.

ഐക്യരാഷ്ട്രസഭയിലെ നടപടികളിലൂടെയല്ല, ഇസ്രഈലും ഫലസ്തീന്‍ അതോറിറ്റിയും തമ്മില്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന് അമേരിക്ക പറഞ്ഞു.

അതേസമയം പ്രമേയം വീറ്റോ ചെയ്ത യു.എസിന്റെ നടപടി അന്യായവും അനീതിപരവുമാണെന്നും ഫലസ്തീന്‍ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിനെതിരായ നഗ്‌നമായ ആക്രമണത്തെയും വംശഹത്യാ യുദ്ധം പിന്തുടരുന്നതിനുള്ള പ്രോത്സാഹനത്തേയുമാണ് യു.എസിന്റെ നയം പിന്തുണക്കുന്നതെന്ന് ഫലസ്തീന്‍ നേതാവ് മഹ്‌മൂദ് അബ്ബാസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ അമേരിക്കയുടെ നടപടിയെ പ്രശംസിച്ച് ഇസ്രഈല്‍ രംഗത്തെത്തി. സുരക്ഷാ സമിതിയുടെ നിര്‍ദേശം ലജ്ജാകരമാണെന്നും പ്രസ്തുത നീക്കത്തെ യു.എസ് ശക്തമായി എതിര്‍ത്തുവെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഇസ്രഈലി കാറ്റ്‌സ് പറഞ്ഞു. തീവ്രവാദത്തിന് പ്രതിഫലം നല്‍കില്ലെന്നും ഇസ്രഈലി കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈലി ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടതായും ഒക്ടോബര്‍ ഏഴ് മുതലുള്ള സൈനിക നടപടിയില്‍ 33,970 പേര്‍ കൊല്ലപ്പെട്ടതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ ഇസ്രഈല്‍ ആക്രമണത്തില്‍ 76,770 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.

Content Highlight: US vetoed the resolution presented by the UN Security Council to grant full membership to Palestine in the United Nations